കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ വിദ്യാര്‍ത്ഥി അനുകരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍.ഒരു രക്ഷിതാവ് നടത്തിയ പ്രവര്‍ത്തി മൂലം കേരള പൊലീസിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിക്കുന്നതില്‍ യാതൊരു സഹായവും പിന്തുണയും രക്ഷിതാവിന് നല്‍കിയിട്ടില്ലെന്നും സ്‌കൂളിനും പൊലീസ് സേനയ്ക്കും ഒരുപോലെ അപമാനമായ വീഡിയോ പിന്‍വലിക്കാന്‍ രക്ഷിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് പൊലീസുകാരന്റെ മോഷണത്തെ അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സ്റ്റേജില്‍ തന്നെ ഒരുക്കിയ ബോക്സില്‍ നിന്നും മാങ്ങയുമെടുത്ത് നടന്ന് നീങ്ങുന്ന പൊലീസുകാരനെയാണ് വിദ്യാര്‍ത്ഥി ഫാന്‍സി ഡ്രസിലൂടെ അവതരിപ്പിച്ചത്.
കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാംപിലെ പൊലീസുകാരനായ പി.വി ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചത്. പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഷിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.