സന്‍ഫ്രാന്‍സിസ്കോ: ആപ്പിൾ ഐഫോൺ 14 ന്റെ വില്പന കുറയുന്നതായി റിപ്പോർട്ട്. അപ്രതീക്ഷിതമായി വില്പനയിൽ ഇടിവ് സംഭവിച്ചതിന്റെ കാരണം തേടുകയാണ് ആപ്പിൾ. കഴിഞ്ഞ ആഴ്ചയാണ് പുതുതായി പുറത്തിറക്കിയ ഐഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്.
6.7 ഇഞ്ച് ഡിസ്‌പ്ലേ, നവീകരിച്ച ഡ്യുവൽ ക്യാമറ സിസ്റ്റം, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ്, എ15 ബയോണിക്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ യാണ് ഐഫോൺ 14 ന്റെ പ്രത്യേകത.
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയോടുള്ള പ്രതികരണത്താലാണ് ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ വിൽപന ഇടിഞ്ഞതെന്നാണ് ഡിജിടൈംസിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത്.
ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ വിൽപ്പന ഇത്തരത്തിൽ തുടരുകയാണെങ്കിൽ ഈ മാസത്തോടെ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പാർട്‌സ് ഓർഡറുകൾ ആപ്പിൾ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
79,900 രൂപ തുടക്കവിലയിട്ടാണ് ഐഫോൺ 14 വില്പനയ്ക്ക് എത്തിയത്. ഐഫോൺ 14 പ്ലസിന്റെ വില ആരംഭിക്കുന്നത് 89,900 രൂപ മുതലാണ്. നീല, മിഡ്‌നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, ചുവപ്പ് നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്. ഐഫോൺ 14 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,29,900 രൂപയിലാണ്.
ഐഫോൺ 14 പ്രോ മാക്‌സ് ആരംഭിക്കുന്നത് 1,39,900 രൂപ മുതലാണ്. ഡീപ് പർപ്പിൾ, ഗോൾഡ്, സിൽവർ, സ്‌പേസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ പ്രോ മോഡലുകൾ ലഭിക്കും.ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ഐഫോൺ 14 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങാനാവുക.