മുംബൈ: ആർഎസ്എസ് ആസ്ഥാനം നിലനിൽക്കുന്ന നാഗ്പൂർ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ഒന്നുപോലും ബിജെപിക്ക് നേടാനായില്ല. മൂന്ന് ഡെപ്യൂട്ടി ചെയർമാൻ സീറ്റുകൾ ബിജെപി നേടി.
13 ചെയർപേഴ്‌സൺ സീറ്റുകളിൽ ഒമ്പതും കോൺഗ്രസ് നേടി. 13 ഡെപ്യൂട്ടി ചെയർപേഴ്‌സൺ സീറ്റുകളിൽ എട്ടെണ്ണവും കോൺഗ്രസിനാണ്. എൻസിപി മൂന്ന് ചെയർപേഴ്‌സൺ സീറ്റുകൾ നേടി. ബിജെപിയുടെ സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ബാലാസാഹെബാംചി ശിവസേനക്ക് രാംടെക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
സയോനെർ, കൽമേശ്വർ, പർസിയോനി, മൗദ, കംപ്റ്റീ, ഉംറെദ്, ഭിവാപൂർ, കുഹി, നാഗ്പൂർ റൂറൽ പഞ്ചായത്തുകളിലാണ് കോൺഗ്രസ് ചെയർപേഴ്‌സൺ സ്ഥാനം നേടിയത്. കടോൽ, നാർഖെഡ്, ഹിങ്ഗ്ന, എന്നീ സീറ്റുകളിലാണ് എൻസിപി വിജയിച്ചത്.
ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂർ ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവങ്കുലെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ തട്ടകം കൂടിയാണ്.