‘സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണം അടിയ്ക്കൂ’: കുറിപ്പടി സീരിയസ്സായി, ഡോക്ടറുടെ പണി പോയി

0
171

ഗുരുവായൂര്‍: ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയെയും ഭര്‍ത്താവിനെയും പരിഹസിച്ച ഡോക്ടര്‍ക്ക് പണികിട്ടി. കാല് വേദനയുമായെത്തിയ രോഗിയോട് വിശ്രമിക്കേണ്ട ഓടിച്ചാടി നടന്നാല്‍ വേദന മാറും എന്ന് പരിഹസിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

ഭര്‍ത്താവിനോട് ഭാര്യയുടെ വേദന കാണാന്‍ പറ്റുന്നില്ലെങ്കില്‍ ബാറില്‍ പോയി മദ്യം കഴിക്കൂവെന്നുമായിരുന്നു ഡോക്ടറുടെ ഉപദേശം. തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ദമ്പതികള്‍ക്കാണ് ദുരനുഭവമുണ്ടായത്.

ഗുരുവായൂര്‍ മമ്മിയൂര്‍ കോക്കൂര്‍ വീട്ടില്‍ അനില്‍കുമാറിനും ഭാര്യ പ്രിയ(44)യുമാണ് ചികിത്സ തേടി സ്വകാര്യ ആശുപത്രിയില്‍ പോയത്. വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരിയായ പ്രിയയ്ക്ക് രണ്ടു വര്‍ഷമായി കാലു വേദനയുണ്ട്. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയ പ്രിയ വേദനയുടെ കാര്യം ഡോക്ടറോട് പറഞ്ഞതോടെ എക്സ്റേ എടുക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം.

ദയ ആശുപത്രിയിലെ വാസ്‌കുലര്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ റോയ് വര്‍ഗീസാണ് പരിഹസിക്കും വിധം കുറിപ്പു എഴുതി കൊടുത്തത്. എക്സ്റേ റിപ്പോര്‍ട്ടുമായി ചെന്ന പ്രിയയോട് നീര്‍ക്കെട്ടുള്ളതിനാല്‍ വേറെ ഡോക്ടറെ കാണിക്കാനും ഫിസിയോതെറാപ്പി ചെയ്താല്‍ നന്നായിരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതിനു പിന്നാലെ ഭാര്യയുടെ വേദന അസഹനീയമാണെന്നും എന്തെങ്കിലും മരുന്നു നല്‍കണമെന്നും പറഞ്ഞ ഭര്‍ത്താവിനോടായിരുന്നു ഡോക്ടറിന്റെ പരിഹാസം.

മരുന്നു വാങ്ങുന്നതിനായി മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ ‘നോ റെസ്റ്റ് ഫോര്‍ ബെഡ് കെട്ടിയോന്‍ വിസിറ്റ് ടു ബാര്‍ ഈഫ് എനി പ്രോബ്‌ളം’ എന്ന കുറിപ്പടി വായിച്ച മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ചിരിച്ചതോടെയാണ് അവര്‍ക്ക് കാര്യം വ്യക്തമായത്. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അനില്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രോഗി പരാതി നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളിലുടെയാണ് വിവരമറിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടറിനോട് ഇതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഡോക്ടര്‍ റോയ് വര്‍ഗീസിന്റെ സേവനം നിര്‍ത്തിയെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here