കൈക്കുഞ്ഞുമായി അമ്മമാര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; ഇതെന്താ ‘നരബലി ടൂറിസമോ’; ഇലന്തൂരിലേക്ക് ജനപ്രവാഹം

0
228

പത്തനംത്തിട്ട: കേരളത്തെ നടുക്കിയ നരബലി നടന്ന സ്ഥലം കാണാൻ കൂട്ടത്തോടെ ആളുകള്‍ ഇലന്തൂരിലേക്ക് എത്തുന്നു. മിക്കപ്പോഴും വിജനമായിരുന്ന ഇലന്തൂർ ഗ്രാമത്തിലെ ചെറുനാട്ടുവഴികളിലെല്ലാം കഴിഞ്ഞ നാലു ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പല നാടുകളിൽ നിന്ന് പല തരക്കാരായ പല പ്രായക്കാരായ ആളുകളാണ് ഇലന്തൂരിലെ ഇരട്ടക്കൊല നടന്ന വീട് കാണാൻ ഒരു വിനോദ യാത്ര പോലെ എത്തുന്നത്.

വരുന്നവരെല്ലാം അപൂർവ കൊലപാതകം നടന്ന വീടിന്റെ ചിത്രമൊക്കെ പകർത്തി സെൽഫിയുമെടുത്താണ് മടങ്ങുന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർ മുതൽ കോളജ് വിദ്യാർഥികൾ വരെയാണ് ആൾക്കൂട്ടത്തിലുള്ളത്. പൊലീസ് നിയന്ത്രണം മറികടക്കാൻ അയൽ വീടിന്‍റെ മതിലുവരെ ചാടിക്കടക്കും ചിലരുമുണ്ട് കൂട്ടത്തില്‍.  ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയുന്നതും കേള്‍ക്കുന്നതും.

അതുകൊണ്ടാണ് 60 ഓളം കിലോമീറ്ററുകള്‍ താണ്ടി ഭാര്യയുമായി ഇലന്തൂരില്‍ എത്തിയതെന്നാണ് മുണ്ടക്കയം സ്വദേശി പ്രതികരിച്ചത്. കേരളം മുഴുവന്‍ ഞെട്ടിയ ലോകം മുഴുവന്‍ അറിഞ്ഞ ഒരു സംഭവം നടന്ന സ്ഥലം കാണാനുള്ള കൗതുകം കൊണ്ടാണ് എത്തിയതെന്ന് ഒരു കോട്ടയം സ്വദേശിയും പറയുന്നു. കുപ്രസിദ്ധമായ ഒരു കൊലപാതകത്തിന്‍റെ പേരിൽ മാത്രം അറിയപ്പെടേണ്ട സ്ഥലമേ അല്ല ഇലന്തൂർ. മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനത്തിൽ ഇടം നേടിയ ഗ്രാമമാണ് ഇത്. ഒപ്പം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്‍റെ ജന്മനാടും ഇതേ  ഇലന്തൂരാണ്.

അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊല്ലപ്പെട്ട പത്മയുടെ സ്വർണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ഇന്ന് തെളിവെടുക്കും. പത്മയുടെ 39 ഗ്രാം സ്വർണം പണയം വച്ച് ഷാഫി ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തിരുന്നു.

രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവൽ സിംഗ് എന്നിവരുടെ തെളിവെടുപ്പിന്‍റെ കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്‍റെ പുരോഗതിയ്ക്കാകും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതൽ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം തേടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here