ദില്ലി: രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം പേർക്കും ഇന്ന് ആധാർ കാർഡ് ഉണ്ട്. പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.
തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് പോലെ തന്നെ ആധാറും പത്ത് വർഷം കൂടുമ്പോൾ പുതുക്കണം. വ്യക്തി വിവരങ്ങളും ഫോൺ നമ്പറും വിലാസവും ഫോട്ടോയുമെല്ലാം ഇത്തരത്തിൽ പത്ത് വർഷം കൂടുമ്പോൾ പുതുക്കണം. പുതിയ ആധാർ എടുക്കുന്നതിന് സമാനമാണ് ഈ പുതുക്കലും. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയോ ഓൺലൈൻ ആയോ ഒരു വ്യക്തിക്ക് പുതുക്കലുകൾ നടത്താവുന്നതാണ്. ഓരോ പി[അത്ത് വർഷം കൂടുമ്പോൾ ഇത്തരത്തിൽ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തിരിക്കണം.
കഴിഞ്ഞ പത്ത് വർഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു രേഖയായി ആധാര ഉപയോഗിക്കുന്നുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനും ആധാർ പലപ്പോഴും നിർബന്ധമാക്കാറുണ്ട്. ആധാർ നമ്പറോ എൻറോൾമെന്റ് സ്ലിപ്പോ ഇല്ലാത്തവർക്ക് സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും നേടാൻ കഴിയില്ലെന്ന് ഓഗസ്റ്റിൽ യുഐഡിഎഐ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിരുന്നു. ആധാർ നമ്പർ ഇല്ലാതെ സർക്കാർ നൽകുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാനായി ആധാർ നിയമങ്ങൾ കർശനമാക്കാൻ എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കുലർ വ്യക്തമാക്കുന്നു.