കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന ബബിയ മുതല മരിച്ചു

0
317

കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല  മരണപ്പെട്ടത്. 75 വയസിൽ ഏറെ പ്രായമുള്ള ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി  ക്ഷേത്രമെന്നാണ് ഐതിഹ്യം.

ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിലെ തന്‍റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിനു മുന്നില്‍ ‘ദര്‍ശനം’ നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില്‍ പകര്‍ത്തി. ഈ  ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരണം ലഭിച്ചിരുന്നു.

സസ്യാഹാരിയായ ബബിയക്ക് ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷണം. ക്ഷേത്ര കുളത്തിലേക്ക് മുതല എങ്ങനെയാണ് വന്നതെന്നും ആരാണ് ഇതിന് പേര് നൽകിയതെന്നും ആർക്കും അറിയില്ല. ഇതുവരെ വന്യമായ പെരുമാറ്റം മുതലയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മൽസ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ലെന്നും  ഇവര്‍ പറയുന്നു.

നേരത്തെ 2019ല്‍   ബബിയ ജീവനോടെയില്ല എന്ന തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് യാതാരു അടിസ്ഥാനവുമില്ലെന്നും മുതല ആരോഗ്യവാനായി ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി ക്ഷേത്രഭാരവാഹികള്‍ തന്നെ രംഗത്ത് വന്നു, വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ബബിയ മരിച്ചെന്ന പ്രചാരണങ്ങള്‍ക്ക് ശേഷവും മുതല ഇയ്ക്ക് ക്ഷേത്ര മുറ്റത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here