വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ജയിൽ ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.
കഞ്ചാവ് കൈവശം വെച്ചു എന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന എല്ലാവരെയും ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട ബൈഡൻ കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങളൊന്നും നിലവില്‍ കൈക്കൊണ്ടിട്ടില്ല. എന്നാൽ കഞ്ചാവിന്‍റെ കൈമാറ്റവും, വിതരണവും പ്രായ പൂർത്തിയാവാത്തവർ കഞ്ചാവ് ഉപയോഗിക്കുന്നതും തെറ്റാണെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
As I’ve said before, no one should be in jail just for using or possessing marijuana.
Today, I’m taking steps to end our failed approach. Allow me to lay them out.
— President Biden (@POTUS) October 6, 2022
കുറ്റവാളികൾക്ക് മാപ്പ് നൽകിയതിന് പിന്നാലെ കഞ്ചാവ് ഉപയോഗിക്കുന്നത് അപകടകരമാണോ എന്ന് പുനഃപരിശോധിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. 2019-ൽ ജനസംഖ്യയുടെ 18 ശതമാനം പേരും ഉപയോഗിച്ചു എന്ന് സർക്കാർ രേഖകളിലുള്ള വസ്തുവിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ട ആവശ്യമില്ലെന്ന് ബൈഡൻ പറഞ്ഞു.
വെളുത്ത വംശജരല്ലാത്തവർ കഞ്ചാവിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും അതുകൊണ്ട് തന്നെ കഞ്ചാവ് കൈവശം വെച്ചതിന്‍റെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന ആറായിരത്തി അഞ്ഞൂറോളം പേർക്ക് പുതിയ തീരുമാനം പ്രയോജനകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണിൽ മാത്രം നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ദയാഹരജി നൽകാനാണ് തീരുമാനം.
എന്നാല്‍ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിട്ടുണ്ട്. അതേസമയം രാജ്യത്തെ ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുമാസം മുൻപാണ് ബൈഡന്റെ സുപ്രധാന നീക്കം എന്നതാണ് ചർച്ചയാവുന്നത്.