മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. സെപ്തംബർ അവസാനത്തോടെ യുഎസ് ഡോളറിനെതിരെ റെക്കോർഡ് ഇടിവിലേക്ക് എത്തിയ രൂപ നേരിയ തോതിൽ പിന്നീട് മുന്നേറിയിരുന്നു. എന്നാൽ ആഭ്യന്തര ഓഹരി വിപണിയിലെ കനത്ത വിൽപന സമ്മർദ്ദവും അസംസ്‌കൃത എണ്ണ വിലയിലെ വർദ്ധനവും രൂപയെ വീണ്ടും തളർത്തിയിരിക്കുകയാണ്. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസ ഇടിഞ്ഞ് 81.89 എന്ന നിലയിലെത്തി.
പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തിയതോടെ രൂപയുടെ മൂളലുവും കുത്തനെ ഇടിയുകയായിരുന്നു. ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കഴഞ്ഞ മാസം 28 ന് രൂപ എക്കാലത്തെയും താഴ്ന്ന നിലവാരമായ 81 .93 എന്നതിലേക്ക് എത്തിയിരുന്നു. 82 ലേക്ക് അടുത്ത രൂപ പിന്നീട് ഉയർന്നെങ്കിലും ഇന്ന് വീണ്ടും ഇടിഞ്ഞു.
ആഭ്യന്തര ഇക്വിറ്റി വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 638.11 പോയിന്റ് അല്ലെങ്കിൽ 1.11 ശതമാനം ഇടിഞ്ഞ് 56,788.81 ലും, വിശാലമായ എൻഎസ്ഇ നിഫ്റ്റി 207 പോയിന്റ് അല്ലെങ്കിൽ 1.21 ശതമാനം ഇടിഞ്ഞ് 16,887.35 ലും ആണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയെ തകർച്ചയിൽ നിന്നും കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിലവിൽ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആർബിഐക്ക് കറൻസിയുടെ തകർച്ചയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം.
അതേസമയം, രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം 80ൽ മുകളിൽ എത്തുന്നത് തടയാൻ വേണ്ടി ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.