ബേക്കൽ ∙ 14 ഗ്രാം എംഡിഎംഎയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു 3560 രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. ഉപ്പള മൂസോടി മൂസോടി ഹൗസിൽ അബ്ദുൽ മജീദ് (37) ഉപ്പള മൂസോടി ജുമാമസ്ജിദിനടുത്തെ മൂസോടി ഹൗസിൽ മുഹമ്മദ് അനീസ് (23) എന്നിവരെയാണ് ബേക്കൽ സിഐ യു.പി.വിപിൻ, എസ്ഐ എം.രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി കാപ്പിലെ സ്വകാര്യ റിസോർട്ടിനു സമീപത്തെ കലുങ്കിൽ ഇരിക്കുകയായിരുന്ന ഇവർ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും ബൈക്ക് പരിശോധിക്കുകയും ചെയ്തപ്പോഴാണു 14 കവറുകളിലായി എംഡിഎംഎ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.
ആവശ്യക്കാർക്കു നൽകാനായി എത്തിയ ചെറുകിട വിൽപനക്കാരാണ് ഇവരെന്നു പൊലീസ് പറഞ്ഞു. ബേക്കൽ പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ലഹരി മരുന്നുകളുമായി ഒട്ടേറെ പേരെയാണു പിടികൂടിയത്. എസ്ഐ കെ.സാലിം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സുധീർ ബാബു, കെ.സനീഷ് കുമാർ, എം.ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ സലാം എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.