കർണാടകയിലെ പി.യു കോളേജുകളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് സുപ്രിംകോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിൽ പങ്കുചേർന്ന് സിഖ് വനിത. ഹരിയാന കൈതൽ സ്വദേശിയും ആശാ ഹെൽത്ത് വർക്കറുമായ ചരൺജീത് കൗറാണ് മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് അവകാശത്തിനായി കോടതിയിലെത്തിയത്. കേസിലെ 23 ഹരജിക്കാരിൽ ഇവർ മാത്രമാണ് അമുസ്‌ലിം.
‘ഇന്നവർ ഹിജാബി പെൺകുട്ടികളെയാണ് ആക്രമിക്കുന്നത്. പക്ഷേ ഞാൻ ദസ്തർ (ടർബൻ) ധരിക്കുന്നയാളാണ്. ഇതെന്നെ ബാധിക്കില്ലെന്ന് എനിക്ക് ചിന്തിക്കാനാകില്ല. ഹിജാബണിയുന്നവർക്ക് ഇക്കാര്യം സംഭവിക്കുമെങ്കിൽ നമുക്ക് ഇത് ബാധിക്കുേെമന്നേ കരുതാനാകൂ… മറ്റുള്ളവരുടെ വീട്ടിലെ തീ നമ്മുടെ വീട്ടിലുമെത്തിയേക്കും’ 46കാരിയായ കൗർ ദി ക്വിൻറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Meet Charanjeet Kaur, a Sikh woman from Haryana, who is a petitioner against Karnataka's Hijab ban in the Supreme Court. Kaur wears the turban and asks, "If I can cover my head, why can't Muslim girls?" Watch @khanthefatima's report. pic.twitter.com/tHy1YFZXfE
— The Quint (@TheQuint) October 1, 2022
‘ഈ ടർബൻ എന്റെ ജീവിതത്തിലെ സുപ്രധാന ഭാഗമാണ്. ഞാൻ ജീവിച്ചിരിക്കുവോളം അതങ്ങനെ തന്നെ തുടരും. ആരും എന്നെ തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്യില്ല. തടഞ്ഞാൽ അവരുടെ തലയ്ക്ക് ഞാൻ പിടിക്കും. എന്റെ തലപ്പാവിനെ ആരും ചോദ്യം ചെയ്യുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടാണ് മുസ്‌ലിം പെൺകുട്ടികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നത്. അവരുടെ ഹിജാബ് സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ അവർ അവരുടെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കുന്നു, സ്വന്തം കാര്യം നോക്കുന്നു, എങ്ങനെയാണിത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുക?’ കൗർ ചോദിച്ചു.