വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം പഴയതാണെങ്കില്‍ പുതിയ എന്‍ജിന്‍ ഘടപ്പിക്കാം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രകൃതി വാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം, ഷാസി പഴയതാണെങ്കിലും അതും മാറ്റാം എന്നിവയാണ് മാര്‍ഗരേഖയിലുള്ളത്. ഇതിന് അംഗീകാരമുള്ള കിറ്റ് ഉപയോഗിക്കണം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷ നല്‍കിയാല്‍ അത് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കും.
അടിസ്ഥാന മോഡലില്‍ വാഹന നിര്‍മ്മാതാവ് നിഷ്‌കര്‍ഷിച്ചിട്ടുള്ളള്ള വസ്തുക്കള്‍ ഉപയോഗിച്ച് നവീകരണം നടത്താം. കൂടാതെ സ്‌കൂള്‍ ബസുകളുടെ ഉള്‍വശം കുട്ടികള്‍ക്ക് സൗകര്യപ്രദമായ വിധം മാനദണ്ഡം പാലിച്ച് മാറ്റം വരുത്താം. എന്നാല്‍ റോഡ് സുരക്ഷയെ ബാധിക്കാനിടയുള്ള മോടിപിടിപ്പിക്കല്‍ അനുവദിക്കില്ല.
ടയര്‍ അളവ്, ലൈറ്റ്സ്, ടയറില്‍ നിന്നും മുന്നിലേക്കും പിന്നിലേക്കും തള്ളി നില്‍ക്കുന്ന ഭാഗം, ബ്രേക്ക്, സ്റ്റീയറിങ്, സൈലന്‍സര്‍ എന്നിവയിലെ മാറ്റവും അനുവദിക്കില്ല.
അതേസമയം മൂന്ന് വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ കാരവാനായി മാറ്റാം. സൗണ്ട് എന്‍ജിനിയറിങ് പ്രാക്ടീസ് അനുസരിച്ച് മോട്ടോര്‍വാഹന നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. ബോഡികോഡ് പാലിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിനു താഴെ പഴക്കമുള്ള വാഹനങ്ങള്‍ കാരവാനാക്കിയാല്‍ ബോഡികോഡ് പാലിക്കണം.
കേടായ വാഹനങ്ങള്‍ നീക്കുന്ന റിക്കവറി വാഹനങ്ങള്‍ നിര്‍മ്മിക്കാനും അനുമതിയുണ്ട്. നിലവിലുള്ള വാഹനങ്ങളുടെ ചേസിസില്‍ മാറ്റം വരുത്താതെ വേണം ഇവ നിര്‍മ്മിക്കാന്‍. ലോറി, ബസ് തുടങ്ങിയ എന്‍ കാറ്റഗറി വാഹനങ്ങളില്‍ മൊബൈല്‍ കാന്റീന്‍ ഒരുക്കാംമെന്നും നിര്‍ദേശത്തിലുണ്ട് .