കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി. അഡ്വ. കെ വിജയനാണ് ഹർജി നൽകിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചിലവ് സംഘടകരിൽ നിന്നും ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി, കെ പി സി സി പ്രസിഡന്‍റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹർജി നൽകിയത് .ചീഫ് ജസ്റ്റീസ് അ ദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയായി. പുലാമന്തോളിൽ നിന്നാരംഭിച്ച് പൂപ്പലത്താണ് യാത്ര സമാപിച്ചത്. ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം 4 മണിക്ക് പട്ടിക്കാട് നിന്നും പാണ്ടിക്കാട് വരെ 11 കി.മീറ്റർ ഭാരത് ജോഡോ പദയാത്ര നടത്തും. യാത്രക്കിടെ പെരിന്തൽമണ്ണ സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ കറുത്ത ബാനർ പതിപ്പിച്ചു. കുഴിമന്തിക്ക് പകരം പൊറോട്ടയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നാണ് ബാനറിൽ എഴുതിയിരുന്നത്. വിടി ബൽറാം ഫേസ്ബുക്കിൽ ഇതിനു മറുപടി നൽകി.