സംസ്ഥാന വ്യാപകമായി ഓഫിസുകളിൽ എൺഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേതാക്കളുടെ അറസ്റ്റും നടന്നതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹർത്താൽ പിൻവലിച്ചു എന്ന നിലയിൽ ഇപ്പോൾ പോസ്റ്ററുകൾ പ്രചരിക്കുകയാണ്. മീഡിയവൺ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ചാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു എന്നാണ് വ്യാജ പോസ്റ്ററിൽ ഉള്ളത്. ഇത് വ്യാജമാണെന്നും ഹർത്താൽ നടത്തുമെന്നും പോപുലർ ഫ്രണ്ട് നേതൃത്വം അറിയിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കേരളത്തിൽ േപാപുലർ ഫ്രണ്ട് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്സി. അംഗം പ്രഫ. പി. കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് ഭാരവാഹികൾ അറിയിച്ചു.