വ്യത്യസ്തനായ കള്ളന്‍ തൗസീഫ്; മോഷ്ടിച്ച് പണം നല്‍കിയത് പാവങ്ങള്‍ക്ക്, ബാക്കി തുകയക്ക് കഞ്ചാവ് വാങ്ങി

0
285

നാഗ്പുര്‍: ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച 80,000 രൂപ അത്യാവശ്യങ്ങള്‍ ഉള്ളവര്‍ക്കും പാവങ്ങള്‍ക്കുമായി വിതരണം ചെയ്ത് മോഷ്ടാവ്. നാഗ്പുരിലാണ് സംഭവം. ഗോഡ എന്നറിയപ്പെടുന്ന തൗസീഫ് ഖാനാണ് അറസ്റ്റിലായിട്ടുള്ളത്. കുറച്ച് പണം കഞ്ചാവ് വാങ്ങുന്നതിനായും തൗസീഫ് ചെലവഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ എന്‍ഐടി ഗാര്‍ഡന്‍സില്‍ തന്‍റെ മോഷണങ്ങള്‍ കൊണ്ട് കുപ്രസിദ്ധനാണ് പ്രതി. ഇയാള്‍ക്കെതിരെ 12 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

സെപ്റ്റംബര്‍ 10ന് മുഹമ്മദ് അഖീൽ അബ്ദുൾ മജീദ് എന്നയാളുടെ വീട്ടിലാണ് തൗസീഫ് ഒടുവില്‍ മോഷണം നടത്തിയത്. ഇവിടെ നിന്ന് 80,000 രൂപ പ്രതി കവര്‍ന്നു. തനിക്കുവേണ്ടി കുറച്ച് പണം ചെലവാക്കുന്നതിന് മുമ്പായി 35,000 ത്തോളം രൂപ പ്രതി അലഞ്ഞുതിരിയുന്നവർക്കും പാവങ്ങള്‍ക്കും ആവശ്യക്കാർക്കും സമ്മാനിച്ചതായാണ് പറയപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പ്രതിയെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തു.

യശോധര നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ച് മോഷണങ്ങൾ ഉൾപ്പെടെ ആറ് മോഷണങ്ങളെങ്കിലും നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്ന് 4.17 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. എൻഐടി ഗാർഡൻ കേന്ദ്രമാക്കി തൗസീഫ് മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

പ്രതി എൻഐടി ഗാർഡനിലാണ് വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്നത്. ഏറെ നാളായി അടച്ചിട്ടിരുന്ന വീടുകള്‍ നോക്കി വച്ചാണ് പ്രതി മോഷണം നടത്തിയിരുന്നത്. ക്രിമിനൽ പ്രവർത്തനങ്ങൾ കാരണം മൂന്ന് വർഷം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂര്യ എന്ന ആസിഫിനൊപ്പം തൗസീഫ് നിരവധി കവർച്ചകൾ നടത്തിയതായും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here