ഹരിപ്പാട്: ഭാരത് ജോഡോ യാത്ര ഹരിപ്പാടു നിന്ന് പുറപ്പെട്ടപ്പോൾ ശ്രദ്ധാകേന്ദ്രം രാഹുലിനൊപ്പം നടന്ന ‘ഇന്ദിരാഗാന്ധി’ ആയിരുന്നു! മുടി ഇന്ദിരഗാന്ധിയുടേതുപോലെ വെട്ടി, അതിൽ വെള്ള നിറം പൂശി സാരി ഉടുത്ത് ജോഡോ യാത്രയുടെ മുൻ നിരയിൽ നടന്ന നങ്ങ്യർകുളങ്ങര ബഥനി ബാലികമഠം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മിന്നൂട്ടി എന്ന തസ്‌നിം സുൽത്താനയാണ് കാഴ്ചക്കാരുടെയും രാഹുൽ അടക്കമുള്ള നേതാക്കളുടെയും മനം കവർന്നത്.
രാഹുൽ ഗാന്ധിയുടെ കടുത്ത ആരാധികയായ മിന്നൂട്ടി സ്വയം തീരുമാനിച്ചതാണ് ഇന്ദിരഗാന്ധിയായുള്ള രൂപമാറ്റം. അതിനായി പിതാവിനൊപ്പം പോയി മുടി മുറിച്ചു. പിതാവിന്റെ ഉമ്മയുടെ സാരിയും ബ്ലൗസും വാങ്ങി തയ്യൽ കടയിൽ കൊടുത്ത് തന്റെ അളവിലേക്ക് മാറ്റി. പൗഡർ കലക്കി മുടിക്ക് നിറം നൽകി. ജോഡോ യാത്ര ഹരിപ്പാട്ടു നിന്ന് പര്യടനം ആരംഭിച്ച രാവിലെ 6.30 ന് തന്നെ മിന്നൂട്ടി റെഡി. ഒറ്റപ്പനയിൽ യാത്ര അവസാനിക്കും വരെ മിന്നൂട്ടി ഇന്ദിരഗാന്ധിയായി മുൻ നിരയിൽത്തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാഹുൽ ചേപ്പാട്ട് എത്തിയപ്പോഴും കാണാനായി പോയിരുന്നു. അദ്ദേഹം തിരികെ മടങ്ങവേ മിന്നൂട്ടി ഉറക്കെ പേരുചൊല്ലി വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട രാഹുൽ അടുത്തെത്തി കുശലം പറഞ്ഞത് കുഞ്ഞുമനസിൽ വലിയ ആവേശമായി. കെ.സി വേണുഗോപാൽ ആണ് മിന്നൂട്ടിയുടെ സംസാരം തർജ്ജമ ചെയ്‌തത്. അന്ന് പകർത്തിയ ചിത്രവും കയ്യിൽ കരുതിയാണ് മിന്നൂട്ടി ജോഡോ യാത്രയ്ക്ക് ഇന്ദിരഗാന്ധിയുടെ വേഷത്തിൽ എത്തിയത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും സേവാദൾ നിയോജക മണ്ഡലം ചെയർമാനുമായ ടി.എസ്. നൈസാമിന്റെയും ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ജാസ്മിന്റെയും മകളാണ്.