തിരുവനന്തപുരം: കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
2021 ഡിസംബറില്‍ എ.ബി.സി. പദ്ധതി നിര്‍ത്തിവെക്കണം, അത് കുടുംബശ്രീയെ ഏല്‍പിക്കരുത് എന്ന ഒരു ഉത്തരവ് കോടതിയില്‍നിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചുകൂടി സമയം വേണം. പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് നായ കടിയേറ്റ പ്രദേശം ഉണ്ടെങ്കില്‍ അതിനെ ഹോട്ട് സ്‌പോട്ടായാണ് കണക്കാക്കുന്നത്- മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നും തെരുവുനായ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്.