ന്യൂഡൽഹി: സെപ്തംബർ ഏഴിനാണ് ഐഫോൺ 14ന്റെ നാല് വേരിയന്റുകൾ ലോകത്തിന് മുന്നിൽ കമ്പനി അവതരിപ്പിച്ചത്. മറ്റു സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് വിലയാണ് ഐഫോണിനെ വേറിട്ട് നിർത്തുന്നത്. ഒരു പക്ഷേ ആൻഡ്രോയിഡ് പരീക്ഷിച്ച ഫീച്ചറുകളാവും ഐഫോൺ മോഡലുകളിലെങ്കിലും ഐഫോൺ നൽകുന്നൊരു ഗ്ലാമർ പരിവേഷം മറ്റു സ്മാർട്ട്‌ഫോണുകൾക്കില്ല എന്നതാണ് യാഥാർത്ഥ്യം.
വിലയും സാധാരക്കാരെ ഈ മോഡലുകളിൽ നിന്ന് അകറ്റുന്നു. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പൊതുവെ ഐഫോൺ മോഡലുകൾക്ക് വില കൂടുതലാണ്. എന്നാൽ ഇന്ത്യക്കാർക്ക് വിലക്കുറവിൽ ഐഫോൺ 14 വാങ്ങാൻ സുവർണാവസരം. കമ്പനി തന്നെയാണ് ഇങ്ങനെയാരു ഓഫർ മുന്നോട്ടുവെച്ചത്. അതിന് ചില നിബന്ധനകളുണ്ടെന്ന് മാത്രം. നിലവിൽ ഐഫോൺ 14 സീരിസ് ആരംഭിക്കുന്നത് 79,900 രൂപക്കാണ്(അടിസ്ഥാന വേരിയന്റ്-128GB) എന്നാൽ ചില മാനദണ്ഡങ്ങൾ പാലിച്ചാൽ 53,900 രൂപക്ക് ഐഫോൺ 14 പോക്കറ്റിലാക്കാം.
ഫ്‌ളാറ്റ് ഡിസ്‌കൗണ്ട്, ബാങ്ക് എക്‌സ്‌ചേഞ്ച് എന്നിവയാണ് കമ്പനി മുന്നിൽവെക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 5000 രൂപയുടെ ക്യാഷ് ബാക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുറമെ അഡീഷനൽ എക്‌സ്‌ചേഞ്ച് ബോണസ് എന്ന പേരിൽ 3000 രൂപയുടെ കിഴിവും ലഭിക്കും. അതോടെ 71,900 രൂപയാകും. തീർന്നില്ല, ഐഫോൺ 11ാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കിൽ 18,000 രൂപയാണ് എക്‌സ്‌ചേഞ്ച് ഓഫറായി നൽകുക(ഫോൺ നല്ല അവസ്ഥയിലാണെങ്കിലെ ഈ ഓഫർ ലഭിക്കൂ). ഈ മാനദണ്ഡങ്ങളൊക്കെ പാലിച്ചാൽ ഐഫോൺ 14 ലഭിക്കുക 53,900 രൂപക്ക്!. 26,000 രൂപയുടെ ഓഫര്‍.
ഇന്ത്യയിലെ ഐസ്റ്റോർ വെബ്‌സൈറ്റിൽ നിന്ന് കൂടുതല്‍ എക്‌സ്‌ചേഞ്ച് ഓഫറുകൾ മനസിലാക്കാം. നിലവിലെ ഐഫോൺ മോഡലുകളുമായാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കിൽ മികച്ച ഡിസ്‌കൗണ്ട് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 2,200 മുതൽ 58,730 വരെ എക്‌സ്‌ചേഞ്ച് ഓഫർ കമ്പനി നൽകുന്നുണ്ട്. അതേസമയം ഫ്‌ളിപ്പ് കാർട്ട്, ആമസോൺ എന്നീ ഓൺലൈൻ പ്ലാറ്റ് ഫോം വഴിയും വിലക്കുറവിൽ ഐഫോണിന്റെ പുതിയ മോഡലുകൾ സ്വന്തമാക്കാൻ അവസരമുണ്ട്.
ഒരോ കമ്പനിയും വ്യത്യസ്ത ഓഫറുകളാണ് നൽകുന്നത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ ഈ വർഷം പുറത്തിറക്കിയത്. അടുത്ത് തന്നെ മോഡലുകൾ ആവശ്യക്കാരിലെത്തും