തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ തുടക്കത്തില്‍ മഹിളാ അപ്പാരല്‍സില്‍ നിന്ന് പി പി ഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതിന് തെളിവ്. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്‍റെ പി പി ഇ കിറ്റിന് എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭാ മറുപടി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ഏഷ്യാനെറ്റ്ന്യൂസ് എസ്ക്ലുസീവ്.
1500 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് മഹിളാ അപ്പാരല്‍സിന് 20000 കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് 400 രൂപയ്ക്ക് കിറ്റ് കൊടുക്കാന്‍ തയ്യാറായി. ഊരും പേരുമില്ലാത്ത സാന്‍ഫാര്‍മയ്ക്ക് ഇല്ലാത്ത ടെക്നിക്കല്‍ കമ്മിറ്റി പരിചയമുള്ള കമ്പനിയായിട്ട് കൂടി മഹിളാ അപ്പാരല്‍സിന്‍റെ കാര്യത്തില്‍ വന്നു. അധികം വൈകാതെ ഗുണമേന്മയില്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കി. ഈ വിവരമാണ് റോണി എം ജോണ്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ചോദിച്ചത്.
മറുപടി ഇങ്ങനെ ആയിരുന്നു. പര്‍ചേസ് ഓര്‍ഡര്‍ കൊടുത്തിരുന്നു. ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. ഓര്‍ഡര്‍ റദ്ദാക്കിയ ശേഷം എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയിരുന്നോ.? നല്‍കിയില്ലെന്ന് ആരോഗ്യന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ മറുപടിയില്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ മറുപടി തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ്ന്യൂസിന് കിട്ടിയത്.
2020 മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയുള്ള പത്ത് ദിവസത്തെ പര്‍ചേസുകള്‍ക്കുള്ള അംഗീകാരം വാങ്ങിയ ഫയലില്‍ മഹിളാ അപ്പാരല്‍സുമുണ്ട്. അതായത് കിറ്റ് വാങ്ങാതെ കിറ്റ് വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപയ്ക്കുള്ള അംഗീകരാം വാങ്ങിയെടുത്തു. ഈ ഫയലില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ ധനകാര്യ മന്ത്രിമാരും ഒപ്പിട്ടിട്ടും ഉണ്ട്.
പിപിഇ കിറ്റ് വാങ്ങാതെ വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപ എഴുതിയെടുത്തു. ഈ പണം എവിടെക്കാണ് പോയത്. എന്നിട്ടും നിയമസഭയില്‍ എന്തുകൊണ്ടാണ് ആരോഗ്യമന്ത്രി തെറ്റായി മറുപടി നല്‍കിയത്.