തിരുവനന്തപുരം: കോൺഗ്രസ് അല്ല മുസ്‍ലിം ലീഗാണ് യുഡിഎഫിന്റെ നട്ടെല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് പറയുമ്പോൾ കോൺഗ്രസിന് വിഷമം തോന്നുമെങ്കിലും സത്യമതാണ്. അവർ പോയാൽ പിന്നീട് യു.ഡി.എഫ് ഇല്ല. കാരണം നട്ടെല്ലില്ലാതെ എങ്ങനെ ഒരു മുന്നണി നിലനിൽക്കുമെന്നും അദ്ദേഹം ചോദിച്ചു.
ലീഗ് മതനിരപേക്ഷ പാർട്ടിയാണെങ്കിൽ മൃതുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിന് ഒപ്പം നിൽക്കാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു. കോൺഗ്രസ് മതനിരപേക്ഷത പറയുന്നത് കേരളത്തിൽ മാത്രമാണ്. ഇവിടം വിട്ടാൽ അതില്ല. ലീഗും അതേ രീതിയാണ്. അപ്പോൾ നിലപാടാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുമ്പോൾ ആർഎസ്പി പോലുള്ള പാർട്ടികൾക്ക് എങ്ങനെയാണ് എൽ.ഡി.എഫിലേക്ക് തിരിച്ചുവരാനാവുക എന്നും ഗോവിന്ദൻ ചോദിച്ചു. അവരുടെ നയവും നിലപാടുമാണ് പ്രശ്നം. പുറത്തുവന്നാൽ സ്വീകരിക്കുക എന്നതല്ല, നിലപാടും നയവും അനുസരിച്ച് മാത്രമേ എൽ.ഡി.എഫിന് നിലപാട് സ്വീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി