ബി.ജെ.പിയിലേക്കോ?, നിര്‍ണായക പ്രഖ്യാപനവുമായി ഗുലാം നബി ആസാദ്

0
315

കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതിനുപിന്നാലെ ബി.ജെ.പിയിലേക്കുപോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഗുലാം നബി ആസാദ്. ബി.ജെ.പിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

‘ഞാന്‍ ജമ്മു കശ്മീരിലേക്കു പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടിയുണ്ടാക്കും. പിന്നീട് അതിന്റെ ദേശീയ സാധ്യതകളെക്കുറിച്ച് പരിശോധിക്കും.’ആസാദിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് ഇന്ന് രാജിവെച്ചിരുന്നു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവെച്ചിരുന്നു. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കവേയാണ്  ആസാദിന്റെ അപ്രതീക്ഷിത രാജി.

രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്നും തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നും ആസാദ് പറഞ്ഞു.

2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ്. സോണിയ ഗാന്ധിക്കുപോലും കാര്യമായ റോളില്ല.

തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഹേളിക്കപ്പെട്ടെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here