ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ ജേഴ്സിയില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ പുതിയ ജേഴ്സിയിലും പ്രത്യക്ഷത്തില്‍ കാണാന്‍ ഇല്ല. ശനിയാഴ്ച തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.
ഇത് കഴിഞ്ഞാല്‍ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ വീണ്ടും ഇന്ത്യാ-പാക് മത്സരത്തിന് അവസരമൊരുങ്ങും. ഇരു ടീമും ഫൈനലിലെത്തിയാല്‍ ഏഷ്യാ കപ്പില്‍ തന്ന മൂന്ന് തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനുശേഷം ഇരു ടീമും നേര്‍ക്കുനേര്‍ പോരാടത്തിന് ഇറങ്ങുന്നത് ഇതാദ്യമാണ്.
ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാക്കിസ്ഥാന്‍ തകര്‍ത്തിരുന്നു. ഈ തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകള്‍ അടക്കുകയും ചെയ്തു, ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാവും ഞായറാഴ്ച ഇന്ത്യ പാക്കിസ്ഥാനെതിരെ ഇറങ്ങുക. ഏഷ്യാ കപ്പിനുശേഷം ഓക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമുണ്ട്.
ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം. ഒരു ലക്ഷത്തോളം പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ സ്റ്റേഡിയത്തില്‍(എം സി ജി) നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ വിറ്റുതീര്‍ന്നിരുന്നു. ഏഷ്യാ കപ്പില്‍ ഞായറാഴ്ച ഇന്ത്യക്കെതിരെ നടക്കുന്ന പോരാട്ടത്തിന് മുന്നോടിയായി പാക്കിസ്ഥാന്‍ ടീമും ഇന്ന് പുതിയ ജേഴ്സി പുറത്തിറക്കിയിട്ടുണ്ട്. ഏഷ്യാ കപ്പിനുള്ള പാക് ടീമിന്‍റെ ഫോട്ടോ ഷൂട്ടിന്‍റെ വീഡിയോയും ഇന്ന് പുറത്ത് വന്നിരുന്നു.