400 കിലോ കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍; ആരോ കൊണ്ടുവെച്ചതെന്ന് വിശദീകരണം

0
196

അഗര്‍തല: കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍. കമാല്‍പൂരിലേക്കുള്ള യാത്രാമധ്യേ ധലായ് ജില്ലയില്‍ വെച്ചാണ് മംഗള്‍ ദേബര്‍മയുടെ വാഹനത്തില്‍ നിന്ന് 400കിലോഗ്രാം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചു.

ദേബര്‍മയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രിയോടെ വിട്ടയക്കുകയായിരുന്നു. തനിക്ക് ഇതില്‍ പങ്കില്ലെന്നും യാതൊരു അറിവുമില്ലെന്നും ബിജെപി ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

‘തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ചില ഗ്രൂപ്പുകള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. എന്റെ വാഹനത്തിന്റെ പിന്നിലെ ചരക്കിനെക്കുറിച്ച് ഞാനോ എന്റെ ഡ്രൈവറോ അറിഞ്ഞിരുന്നില്ല. ആരോ കഞ്ചാവ് പൊതി കാറില്‍ ഒളിപ്പിക്കുകായിരുന്നു. അവര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. അല്ലാത്തപക്ഷം പൊലീസ് എങ്ങനെ അറിഞ്ഞു?’ ബിജെപി ഉപാധ്യക്ഷന്‍ പറഞ്ഞു.

എന്നാല്‍ അന്വേഷണത്തിന് അനുകൂലമാണെന്നും മംഗള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും നിയമപ്രകാരം കേസെടുക്കണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയായാണ് സംഭവത്തെ ബിജെപി വിലയിരുത്തിയത്. പ്രദേശവാസികളാണ് ദേബര്‍മയുടെ കാറില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെത്തുന്നത്. തുടര്‍ന്ന് കാര്‍ പരിശോധിക്കാന്‍ പൊലീസിനെ ഇവര്‍ നിര്‍ബന്ധിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പരിശോധനക്കിടെ കാറിനകത്ത് ഉണ്ടായിരുന്ന ബിജെപി നേതാവ് രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പൊലീസ് സറ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഖോവായ് മുതല്‍ കമാല്‍പൂര്‍ വരെയുള്ള റോഡില്‍ കഞ്ചാവ് കടത്താന്‍ പൊലീസും കള്ളക്കടത്തുകാരെ സഹായിക്കുന്നുണ്ട്. ചില വിഐപി വാഹനങ്ങളും നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കാറുകളും കള്ളക്കടത്ത് സാധനങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നതായും ഗ്രാമവാസികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here