ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി ബിജെപി എംഎൽഎ രാജാ സിംഗ് വീഡിയോ പുറത്തുവിട്ടതിനെ പിന്നാലെ ഹൈദരാബാദിൽ പ്രതിഷേധമുണ്ടായതിനെ തുടർന്നാണ് ബിജെപി എംഎൽഎക്കെതിരെ കേസെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നു.
ബിജെപി എംഎൽഎ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. ബഷീർബാഗിലെ കമ്മീഷണർ ഓഫീസിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഷോ നടത്തിയ കൊമേഡിയൻ മുനവർ ഫാറൂഖിക്കെതിരെ ബിജെപി എംഎൽഎ വീഡിയോ പുറത്തുവിട്ടിരുന്നു. നേരത്തെ, ഫാറൂഖിയുടെ ഷോ നിർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വേദിയിലെ സെറ്റ് കത്തിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഭീഷണിയെ തുടർന്ന് പേരിൽ എംഎൽഎയെ വീട്ടുതടങ്കലിലാക്കി.
മുനവർ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഫാറൂഖിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ മോശം പരാമർശം നടത്തിയിരുന്നു. വീഡിയോയിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ഇയാൾ നടത്തിയതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായതും എംഎൽഎക്കെതിരെ കേസെടുത്തതും. നേരത്തെ പ്രവാചകൻ മുഹമ്മദിനെതിരെ പരാമർശം നടത്തിയതിന് ബിജെപി വക്താവായിരുന്ന നൂപുർ ശർമക്കെതിരെ കേസെടുത്തിരുന്നു. നൂപുർ ശർമയുട പരാമർശത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. നൂപുർ ശർമയുട പരാമർശത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. നൂപുർ ശർമയെ തള്ളി ബിജെപിയും കേന്ദ്ര സർക്കാറും രംഗത്തെത്തിയെങ്കിലും ഗൾഫ് രാജ്യങ്ങൾ പരാമർശത്തിൽ വിയോജിപ്പ് അറിയിച്ചു. നൂപുർ ശർമയെ പിന്തുണച്ച കനയ്യ ലാൽ എന്ന തയ്യൽക്കാരനെയും മഹാരാഷ്ട്രയിൽ കെമിസ്റ്റിനെയും കൊലപ്പെടുത്തിയിരുന്നു.