ന്യൂദല്‍ഹി: പശുവിനെ കൊന്നവരെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത മുന്‍ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജക്കെതിരെ കേസ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അല്‍വാര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ ട്രാക്ടര്‍ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് രാജസ്ഥാനില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നു. സംഘം ചേര്‍ന്നെത്തിയ മുസ്‌ലിങ്ങളാണ് യുവാവിനെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പശുക്കളെ അറുക്കുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ഗ്യാന്‍ ദേവ് അഹൂജ രംഗത്തെത്തിയത്.
പശുവിനെ അറുത്തതിന് അഞ്ച് പേരെ കൊന്നിട്ടുണ്ടെന്നും അഹൂജ പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതുവരെ പശുവിനെ കൊന്നതിന് അഞ്ച് പേരെ കൊലപ്പെടുത്തിയെന്നാണ് അഹൂജ പറയുന്നത്.
2017ലും 2018ലും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെയും, രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയില്‍ രണ്ടെണ്ണം എന്നും പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ബി.ജെ.പി തള്ളിയിരുന്നു. അഹൂജയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ബി.ജെ.പി വ്യക്തമാക്കി. ബി.ജെ.പി അല്‍വാര്‍ യൂണിറ്റ് ആണ് ഇത് സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്.