കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം. അതേസമയം മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകൾക്കകം കണ്ടെത്തി. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്.
രാവിലെ പൂജാരി എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകോവിലിന്റെ പൂട്ടും തകർത്ത് അകത്ത് കയറുകയായിരുന്നു കള്ളൻ. അഞ്ച് കിലോ ഭാരവും രണ്ടരയടി ഉയരവുമുള്ള വിഗ്രഹമാണ് ഇളക്കിയെടുത്തത്. ഒപ്പം തന്നെ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്ന നിലയിലായിരുന്നു. മോഷണം സംബന്ധിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരാൾ മാത്രമാണോ കൂടുതൽ പേർ ചേർന്നാണോ മോഷണം നടത്തിയത് എന്നതടക്കമുള്ള കാര്യത്തിൽ വ്യക്ത വരേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു. സാധാരണയിൽ കൂടുൽ നടവരവുള്ള ദിവസമായിരുന്നു ഇത്. ഈ വരവ് ഭണ്ഡാരത്തിൽ നിന്ന് മാറ്റിയിട്ടുമില്ല. അതിനാ. ഭണ്ഡാരത്തിൽ കൂടുതൽ പണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും ഭാരവാഹികൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി വൈകിയും ക്ഷേത്രത്തിൽ ആളുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാവിലെ മൂന്നിനും നാലിനും ഇടയിലാകാം മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. അതേസമയം വിഗ്രഹം കുറ്റിക്കാട്ടിൽ നിന്ന് ലഭിച്ചത് സംബന്ധിച്ചും പൊലീസിന് സംശയങ്ങളുണ്ട്. വിഗ്രഹം ഒളിപ്പിച്ച് പിന്നീട് വന്ന എടുക്കാനുള്ള പദ്ധതിയാകാം ഇതെന്നാണ് പൊലീസ് നിഗമനം. മോഷണം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.