ചരിത്രത്തിലെ ഏറ്റവും മികച്ചവയിലൊന്ന്; ഈ ക്യാച്ച് കണ്ടാല്‍ ജീവിതം ധന്യം- വീഡിയോ

0
443

ലണ്ടന്‍: വിസ്‌മയ ബാറ്റിംഗിനെയും ബൗളിംഗ് പ്രകടനങ്ങളേയും വരെ പിന്തള്ളുന്ന ചില വണ്ടര്‍ ക്യാച്ചുകള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പിറവിയെടുക്കാറുണ്ട്. അത്തരമൊരു ലോകോത്തര ക്യാച്ച് പിറന്നിരിക്കുകയാണ് റോയല്‍ ലണ്ടന്‍ കപ്പില്‍. ഓസീസ് യുവതാരം മാറ്റ് റെന്‍ഷോയാണ് ഈ ക്യാച്ചെടുത്തത്.

റോയല്‍ ലണ്ടന്‍ കപ്പില്‍ സറേയ്‌ക്കെതിരായ മത്സരത്തില്‍ സോമെർസെറ്റിന് വേണ്ടിയായിരുന്നു 26കാരനായ ക്യാപ്റ്റന്‍ മാറ്റ് റെന്‍ഷോയുടെ ഫീല്‍ഡിംഗ് പ്രകടനം. അല്‍ഡ്രിഡ്‌ജിന്‍റെ പന്തില്‍ സറേയുടെ ഇടംകൈയന്‍ ഓപ്പണര്‍ റയാന്‍ പട്ടേല്‍ ഔട്ട്സൈഡ് എഡ്‌ജായപ്പോള്‍ രണ്ടാം സ്ലിപ്പില്‍ മുഴുനീള ഡൈവിംഗുമായി ഒരുകൈയില്‍ പന്ത് കൈക്കലാക്കുകയായിരുന്നു റെന്‍ഷോ. ഏറെക്കാലത്തിനിടെ കണ്ട ഏറ്റവും മികച്ച ലോകോത്തര ക്യാച്ചുകളിലൊന്ന് എന്ന തലക്കെട്ടോടെ സോമെര്‍സെറ്റ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു.

മത്സരം മഴനിയമപ്രകാരം സറേ 43 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത സറേ നീക്കോ റീഫര്‍(85 പന്തില്‍ 70), ഷെറിഡോന്‍ ഗംബ്‌സ്(80 പന്തില്‍ 66), ടോം ലോവ്‌സ്(49 പന്തില്‍ 60) എന്നിവരുടെ അര്‍ധ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 302 റണ്‍സ് നേടി. സറേ ക്യാപ്റ്റന്‍ ബെന്‍ ഗെഡ്ഡ്‌സ് ആറും വിക്കറ്റ് കീപ്പര്‍ ജോശ് ബ്ലേക്ക് 36 ഉം റണ്‍സെടുത്ത് മടങ്ങി. 10 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുമായി അല്‍ഡ്രിഡ്‌ജ് തിളങ്ങി. ജാക്ക് ഹാര്‍ഡിംഗ് രണ്ടും ജാക്ക് ബ്രൂ‌ക്ക്‌സും ഒന്നും വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ സോമെര്‍സെറ്റ് 12 ഓവറില്‍ മൂന്ന് വിക്കറ്റിന് 68 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തുകയായിരുന്നു. ഇതോടെ സറേയേ വിജയിയായി പ്രഖ്യാപിച്ചു. ആന്‍ഡ്രു ഉമീദ് 12 ഉം ജയിംസ് റ്യൂ മൂന്നും മാറ്റ് റെന്‍ഷോ 20 ഉം റണ്‍സെടുത്ത് മടങ്ങി. 22 റണ്‍സുമായി ലെവിസും നാല് റണ്ണെടുത്ത് ബാര്‍ലെറ്റും പുറത്താകാതെ നിന്നു. ടോം ലോവ്‌സ് രണ്ടും മാറ്റ് ഡന്‍ ഒന്നും വിക്കറ്റ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here