പാലക്കാട് ഷാജഹാന്‍ വധത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം; കൊന്നത് ബി.ജെ.പി അനുഭാവികളെന്ന് എഫ്ഐആർ

0
221

പാലക്കാട് :പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആർ. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിൽ. ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ വീടിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിലെത്തിയ അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയതെന്ന് ദൃക്സാക്ഷി സുരേഷ് പറഞ്ഞു. തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നുവെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. 10 ദിവസം മുന്‍പ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

പാലക്കാട് ഷാജഹാൻ വധത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസ് ശ്രമം. സർക്കാരിനെ അസ്ഥിരപ്പെടുത്താനും ശ്രമം നടക്കുന്നു. സി.പി.എം പ്രവർത്തകർ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് യു.ഡി.എഫിനെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here