ജിദ്ദ: വിദേശ തൊഴിലാളികളുടെ സൗദിയിലെ താമസ രേഖയായ ഇഖാമയുടെ കാലാവധി അവസാനിച്ചാല്‍ കുറഞ്ഞത് മൂന്ന് ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടിവരുമെന്നും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി.
കാലാവധി കഴിയുംമുമ്പ് തന്നെ ഇഖാമ പുതുക്കണം. വല്ല കാരണവശാലും താമസിക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണം.
അതേസമയം ഇഖാമ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ താമസം നേരിടുന്നത് ആദ്യമായിട്ടാണെങ്കില്‍ 500 റിയാലായിരിക്കും പിഴ ഈടാക്കുക. ആദ്യ തവണ താമസിച്ച് പുതുക്കുകയും വീണ്ടും രണ്ടാം തവണയും പുതുക്കാന്‍ താമസം നേരിടുകയും ചെയ്താല്‍ 1000 റിയാല്‍ പിഴ ഒടുക്കേണ്ടിവരും.
മുന്‍കാലങ്ങളില്‍ ഒരുവര്‍ഷം അല്ലെങ്കില്‍ രണ്ട് വര്‍ഷം എന്നിങ്ങനെയായിരുന്നു ഇഖാമ പുതുക്കി നല്‍കിയിരുന്നത്. ഇപ്പോള്‍ 3, 6, 9 മാസകാലയളവില്‍ ലെവിയടച്ച് കുറഞ്ഞ മാസങ്ങളിലേക്ക് പുതുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നിച്ച് ലെവി അടക്കാനുള്ള പ്രയാസം കാരണം മലയാളികളടക്കമുള്ള നിരവധി പേരുടെ തൊഴിലുടമകള്‍ കുറഞ്ഞ മാസത്തേക്കാണ് ലെവി അടച്ച് ഇഖാമ പുതുക്കാറുള്ളത്.