പ്രധാനമന്ത്രി മോദിയുടെ സമ്പാ​ദ്യത്തിൽ വർധന; വിവരങ്ങൾ പുറത്തുവിട്ട് പിഎംഒ

0
282

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.23 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകൾ. കൂടുതലും ബാങ്ക് നിക്ഷേപമായിട്ടാണ് പ്രധാനമന്ത്രിയുടെ ആസ്തി. ​ഗുജറാത്തിലെ ഗാന്ധിനഗറിൽ അദ്ദേഹത്തിന് വിഹിതമായി ലഭിച്ച ഭൂമി ദാനം ചെയ്തതിനാൽ സ്ഥാവര സ്വത്തുക്കളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന് ബോണ്ടിലോ ഷെയറിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. എന്നാൽ 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളുണ്ടെന്നും പറയുന്നു. 2022 മാർച്ച് 31 വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പ്രധാനമന്ത്രി മോദിയുടെ ജംഗമ സ്വത്തുക്കളിൽ കഴിഞ്ഞ വർഷത്തേക്കാൾ  26.13 ലക്ഷം രൂപയുടെ വർധനവുണ്ടായി. എന്നാൽ 2021 മാർച്ച് 31 ലെ കണക്കനുസരിച്ച്  നേരത്തെയുണ്ടായിരുന്ന 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ അദ്ദേഹത്തിന് ഇനി സ്വന്തമല്ല.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത വിശദാംശങ്ങൾ പ്രകാരം, 2022 മാർച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2.23 കോടി രൂപയാണ്. 2002 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മൂന്ന് പേരോടൊപ്പം അദ്ദേഹം ഭൂമി  വാങ്ങി. എന്നാൽ,  തന്റെ ഓഹരിയായ 25 ശതമാനം ഭൂമി അദ്ദേഹം ദാനം ചെയ്തതിനാൽ ഇപ്പോൾ ഉടമസ്ഥതയില്ല. കണക്കുപ്രകാരം 35,250 രൂപയാണ് പ്രധാനമന്ത്രിയുടെ കൈയിലുള്ളത്. പോസ്റ്റ് ഓഫീസിലുള്ള നാഷണൽ സേവിംഗ്സിൽ 9,05,105 രൂപയും 1,89,305 രൂപ മൂല്യമുള്ള ലൈഫ് ഇൻഷുറൻസ് പോളിസിയുമുണ്ട്. ബാങ്ക് ബാലൻസ് 1,52,480 രൂപയിൽ നിന്ന് 46,555 രൂപ കുറഞ്ഞു.

മറ്റ് മന്ത്രിമാരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും സ്വന്തമായുണ്ട്. ധർമേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, ആർകെ സിംഗ്, ഹർദീപ് സിംഗ് പുരി, പർഷോത്തം രൂപാല, ജി കിഷൻ റെഡ്ഡി എന്നിവരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി. മുക്താർ അബ്ബാസ് നഖ്‌വിയും തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here