ഭോപ്പാൽ: മോഷണം ആരോപിച്ച് മധ്യപ്രദേശിൽ ദലിത് യുവാവിന് ആൾക്കൂട്ട മർദനം. ഖാർഗോൺ ജില്ലയിലെ നിംറാനിയിലാണ് ആദിത്യ റോക്‌ഡെ എന്ന ദലിത് യുവാവിന് ക്രൂരമർദനമേറ്റത്. ആക്രമണത്തിനിടെ യുവാവിന്റെ മതം തിരിച്ചറിയാനായി തുണിയഴിച്ചതായും ദേശീയ മാധ്യമമായ ‘ദി ക്വിന്റ്’ റിപ്പോർട്ട് ചെയ്തു.
ദിവസങ്ങൾക്കുമുൻപ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതോടെ ജില്ലാ പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം യുവാവിനെ ഖൽതാങ്ക പൊലീസ് ജയിലിലിടുകയായിരുന്നു. പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജേന്ദ്ര സിങ് ബാഗേലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് ധരംവീർ സിങ് അറിയിച്ചു. അക്രമികളെ പിടികൂടുന്നതിനു പകരം യുവാവിനെ ജയിലിലടച്ച സംഭവവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മകൻ കാൽഘട്ടിൽ ജോലിക്കു പോയതായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങിവരും വഴി ഒരുസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നും ആദിത്യയുടെ അമ്മ ഭഗവതി റോക്‌ഡെ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. മുസ്‌ലിമാണോ എന്ന് പരിശോധിക്കാൻ മകന്റെ വസ്ത്രം അഴിക്കുകയും ചെയ്തതായും അവർ പരാതി നൽകിയിട്ടുണ്ട്.
A dalit man was brutally assaulted after he was accused of theft. The mob allegedly pulled down his pants to check his religion as the man kept shouting that he's a Hindu.https://t.co/jZCKWDyoMu pic.twitter.com/OkRLqu32eb
— Alishan Jafri (@alishan_jafri) August 7, 2022
പുറത്തുവന്ന വിഡിയോയിലും യുവാവിന്റെ വസ്ത്രം അഴിക്കുന്നത് കാണാം. താൻ ഹിന്ദുവാണെന്നു പറഞ്ഞിട്ടും സംഘം ആക്രമണം തുടരുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.