തിരുവനന്തപുരം: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പോകുന്ന ഷിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഹാക്ക് ചെയ്തു. 26 ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 2നാണ് ഷിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത് അദ്ദേഹം പിന്നിട്ട സംസ്ഥാനങ്ങളിലെ വീഡിയോകളും മറ്റും പങ്കുവച്ചത് ഈ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലായിരുന്നു.
ഷിഹാബ് ചൊറ്റൂര്‍ ഒഫീഷ്യല്‍ എന്ന അക്കൌണ്ടില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷിഹാബിന്‍റെ അല്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘ഓണ്‍ലി സൂപ്പര്‍കാര്‍’ എന്നാണ് ബയോയില്‍ ചേര്‍ത്തിരിക്കുന്നത്. ഏതാണ്ട് ആറോളം ചിത്രങ്ങളും ചില വിദേശികള്‍ കാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടെയാണ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്ന് മനസിലായത്.
അതേ സമയം തിങ്കളാഴ്ച രാവിലെയോടെ അക്കൌണ്ടിലെ മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വൈക്കിംഗ്സ് എന്ന സീരിസിലെ ഒരു വീഡിയോയാണ് അക്കൌണ്ടില്‍ ഉള്ളത്. ഇതിന് അടിയില്‍ ഷിഹാബിന്‍റെ ഫോളോവേര്‍സ് ഹാക്കറോട് അക്കൌണ്ട് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുന്ന കമന്‍റുകള്‍ നിറഞ്ഞിരിക്കുകയാണ്.
ഇതിനകം ഈ വീഡിയോയ്ക്ക് എണ്‍പതിനായിരത്തിലേറെ റിയാക്ഷന്‍സും, ആറായിരിത്തോളം കമന്‍റുകളുമാണ് ഉള്ളത്. പലരും ഹാക്കറോട് ഷിഹാബിന്‍റെ അക്കൌണ്ട് തിരിച്ചുനല്‍കണം എന്ന് അപേക്ഷിക്കുന്നത് കാണാം. അക്കൌണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ഷിഹാബുമായി ബന്ധപ്പെട്ടവരില്‍ നിന്നും അറിയുന്നത്. വിദേശ ഹാക്കര്‍മാരായിരിക്കാം ഇതിന് പിന്നില്‍ എന്നാണ് ഇവര്‍ നല്‍കുന്ന സൂചന. നേരത്തെ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ അരമണക്കൂറില്‍ അക്കൌണ്ട് തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നു.
2023ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്. ജൂണ്‍ 2 ന് ആരംഭിച്ച യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ യാത്ര രാജസ്ഥാനിലാണ് ഉള്ളത്. ഇദ്ദേഹത്തിന്‍റെ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമാണ്. വാഗാ അതിര്‍ത്തി വഴി പാകിസ്താനില്‍ എത്തി ഇറാന്‍,ഇറാഖ്,കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുകയാണ് ചെയ്യുക. ഇതിനായി 5 രാജ്യങ്ങളിലേക്കുള്ള വിസ കരസ്ഥമാക്കിയിട്ടുണ്ട്.