കാസർകോട് ബി.ജെ.പി വിഭാഗീയത: ആർ.എസ്.എസ് യോഗത്തിലും നിലപാട് കടുപ്പിച്ച് മറുപക്ഷം

0
265

കാസർകോട്: കാസർകോട്ടെ ബി.ജെ.പിയിലെ വിഭാഗീയത പരിഹരിക്കാൻ ആർ.എസ്.എസ് വിളിച്ച മധ്യസ്ഥ യോഗത്തിലും നിലപാട് കടുപ്പിച്ച് മറുപക്ഷം. ഇവരുടെ കടുംപിടിത്തത്തിനൊടുവിലാണ് പ്രശ്നപരിഹാരത്തിന് പത്തുദിവസമെന്ന സമയപരിധി നിശ്ചയിക്കാൻ ആർ.എസ്.എസ് നിർബന്ധിതമായത്. കൃത്യമായ സമയപരിധി പറയാതെ പിന്നോട്ടില്ലെന്ന നിലപാട് വിമതർ ആവർത്തിച്ചതിൽ ആർ.എസ്.എസ് നേതാക്കൾ യോഗത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

കാസർകോട് നഗരസഭ കൗൺസിലർ പി. രമേശൻ, മുൻ കൗൺസിലർ കെ. ശങ്കരൻ, പാർട്ടി പൈവളികെ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലോകേഷ് നൊഡ്ഡ തുടങ്ങിയവരാണ് വിമത പക്ഷത്തിന് നേതൃത്വം നൽകുന്നത്. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹിത്വം രാജിവെച്ച നാൽപതിലേറെ നേതാക്കളും ഇവർക്കൊപ്പമുണ്ട്.ആർ.എസ്.എസ് കാര്യാലയത്തിൽ നടന്ന യോഗത്തിൽ വിമതപക്ഷത്തുനിന്ന് അഞ്ച് പ്രതിനിധികളെയാണ് ചർച്ചക്കു വിളിച്ചത്.

ഇരുവിഭാഗത്തെയും പ്രതിനിധികളുമായി വെവ്വേറെയായിരുന്നു ചർച്ച. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി എം. ഗണേഷ് തുടങ്ങിയവർ യോഗത്തിനെത്തി. ഇരുവിഭാഗം പ്രതിനിധികളുമായി ചർച്ച നടത്തിയ യോഗം രാവിലെ മുതൽ വൈകീട്ടുവരെ നീണ്ടു.

പത്തുദിവസത്തിനകം കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് വിമതരുടെ തീരുമാനം. സംസ്ഥാന പ്രസിഡന്റിന്റെ അടുത്തയാൾ എന്ന നിലക്ക് നേതാക്കൾക്കെതിരെ നടപടിയുണ്ടാവാനുള്ള സാധ്യതയില്ലെന്നും പ്രാദേശിക നേതാക്കളുടെ തലയിലിടാനാണ് ശ്രമം നടക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ഒരിടത്തുമില്ലാത്ത പ്രതിസന്ധിയാണ്, ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നുകൂടിയായ കാസർകോട്ട് ഉടലെടുത്തത്. ജില്ല കമ്മിറ്റി ഓഫിസ് രണ്ടുതവണയാണ് ഒരുവിഭാഗം പ്രവർത്തകർ ഉപരോധിച്ചത്. കുമ്പള ഗ്രാമപഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി ധാരണയിലുണ്ടാക്കിയ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം രാജിവെക്കാനും ഇതിനു കാരണക്കാരായ നേതാക്കൾക്കെതിരെ നടപടിയുമാവശ്യപ്പെട്ട് ഫെബ്രുവരി 20നാണ് ആദ്യ ഉപരോധം.

സ്ഥിരംസമിതി സ്ഥാനം രാജിവെച്ചെങ്കിലും ധാരണയുണ്ടാക്കിയ നേതാക്കൾക്കെതിരെ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഉപരോധം തുടങ്ങിയത്. സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, നേതാക്കളായ പി. സുരേഷ് കുമാർ ഷെട്ടി, കെ. മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നേതാക്കളുടെ ഫോട്ടോയുള്ള ബാനറിൽ ചെരിപ്പുമാല അണിയിച്ചുള്ള പ്രതിഷേധവും ജില്ലയിൽ അരങ്ങേറിയിരുന്നു. ആർ.എസ്.എസിന്റെ കേരള, കർണാടക നേതാക്കൾ ഇടപെട്ടാണ് മധ്യസ്ഥ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here