തിരുവനന്തപുരം- കേരളത്തിലും തീവ്രഹിന്ദുത്വം അജണ്ടയാക്കാന്‍ ബി. ജെ. പി. മൃദുഹിന്ദുത്വം കൂടുതല്‍ ഗുണം ചെയ്യുന്നില്ലെന്നും വടക്കേ ഇന്ത്യയിലേതു പോലെ തീവ്ര ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേത്.
നിലവില്‍ 10 ശതമാനം വോട്ട് ലഭിക്കുന്ന ബി. ജെ. പി നയം മാറ്റാതെ കൂടുതല്‍ പേരെ തങ്ങളിലേക്ക് എത്തിക്കാനാവില്ലെന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പം വിശ്വഹിന്ദു പരിഷത്തിനേയും ഹിന്ദു ഐക്യവേദിയേയും ഉള്‍പ്പെടെ സജീവമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അജണ്ട നടപ്പാക്കാനാണ് ബി. ജെ. പി തയ്യാറെടുക്കുന്നത്.
മറ്റു മതസ്ഥരെ കൂടി കൂടെക്കൂട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ തീവ്രഹിന്ദുത്വുമായി രംഗത്തെത്തിയാല്‍ കാര്യങ്ങള്‍ എത്രത്തോളം വിജയിക്കുമെന്ന സംശയം പാര്‍ട്ടിയിലെ ചിലര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വര്‍ഗ്ഗീയതയും തീവ്രഹിന്ദുതവും ഉള്‍പ്പെടുത്തി വടക്കേ ഇന്ത്യന്‍ രീതി കേരളത്തില്‍ കൊണ്ടുവരണമെന്ന ശക്തമായ നിലപാടുകാരനാണ് കെ. സുരേന്ദ്രന്‍.
പാലക്കാട് നടന്ന സംസ്ഥാന ശിബിരത്തില്‍ ഹിന്ദുത്വത്തിന്റെ അളവ് എത്രത്തോളമാകാമെന്ന ചര്‍ച്ച ഉയരുകയും വടക്കേ ഇന്ത്യന്‍ സമീപനം കേരളത്തില്‍ വിലപ്പോകില്ലെന്ന നിലപാട് ചിലര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന അധ്യക്ഷന്‍ തന്നെ തീവ്ര നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയത്.
സാംസ്‌കാരികം, ഭൂപരിഷ്‌കരണം, സാമ്പത്തിക സ്ഥിതി, വ്യവസായം, കൃഷി, പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം ഇടപെട്ട് പ്രവര്‍ത്തിക്കാനും തീരുമാനമുണ്ട്.