ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച 10 ലോക രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. 85 ശതമാനത്തലധികമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കലിന്റെ തോത് എന്ന് വിപിഎന്‍ സേവന ദാതാക്കളായ സര്‍ഫ് ഷാര്‍ക്കും നെറ്റ്‌ബ്ലോക്‌സും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ജൂണ്‍ 17 ന് ബീഹാറിലും ഇത്തരത്തില്‍ കാര്യമായ തടസ്സം നേരിട്ടിരുന്നു.
‘പൗരന്മാരുടെ പ്രതിഷേധത്തെ നിശ്ശബ്ദമാക്കാന്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുകയെന്നത് ആയുധമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ എണ്ണം ആശങ്കാജനകമായി തുടരുന്നു.’ എന്നാണ് ഇത് സംബന്ധിച്ച് സര്‍ഫ്ഷാര്‍ക്കിലെ പ്രധാന ഗവേഷക അഭിപ്രായപ്പെട്ടത്. ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ പ്രശ്‌നം ഉടലെടുക്കുമ്പോള്‍ ഇന്റര്‍നെറ്റ് മന്ദഗതിയിലാകുകയോ പൂര്‍ണ്ണമായും വിച്ഛേദിക്കുകയോ ചെയ്ത് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയാണെന്നും അവര്‍ പറഞ്ഞു.
2022 ന്റെ ആദ്യ പകുതിയില്‍, ഏറ്റവും കൂടുതല്‍ നിയന്ത്രണം നേരിട്ടത് സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. തൊട്ട് പിന്നില്‍ ട്വിറ്ററും വാട്‌സ്ആപ്പുമാണ്.