ബെംഗളൂരു: കുഞ്ഞിന് സംസാര-കേള്‍വി വൈകല്യമുണ്ടായതില്‍ മനംനൊന്ത് മകളെ മാതാവ് നാലാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. എസ്.ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദന്തരോഗവിദഗ്ധയായ മാതാവ് ബാല്‍ക്കണിയില്‍ നിന്ന് നാലുവയസുള്ള കുഞ്ഞിനെ താഴേക്കെറിഞ്ഞത്. പിന്നാലെ ഇവരും ചാടാന്‍ ഒരുങ്ങിയെങ്കിലും അതു നടന്നില്ല. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു.
കുഞ്ഞിനെ താഴേക്കിട്ടതിന് പിന്നാലെ ബാല്‍ക്കണിയിലെ റെയിലിങ്ങിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ ഓടിയെത്തിയ കുടുംബാംഗങ്ങള്‍ വലിച്ച് താഴെയിറക്കുകയായിരുന്നു.
കൊല്ലപ്പെട്ട കുട്ടിയ്ക്ക് സംസാര-കേള്‍വി വൈകല്യമുണ്ടായിരുന്നു. മകള്‍ മൂകയും ബധിരയുമായതില്‍ യുവതി ഏറെ ദുഃഖിതയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി ദന്തരോഗവിദഗ്ധയും ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്.