ഉപ്പള: വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതി പൊലീസിനെ വട്ടം കറക്കി. ഇന്നലെ അഞ്ച് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ബായാര്‍ ഭാഗത്ത് നിന്ന് സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനി ബസില്‍ കൈക്കമ്പയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ കൈപ്പിടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി ചിലരോട് പറഞ്ഞത്.
സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. അതിനിടെ മഞ്ചേശ്വരം പൊലീസ് എത്തി വിദ്യാര്‍ത്ഥിനിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഓട്ടോയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ തുടര്‍ന്ന് പരിസരത്തെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ ബസിറങ്ങി വിദ്യാര്‍ത്ഥിനി നടന്നു പോകുന്നതിന് സീപം ഓട്ടോ കടന്നു പോകുന്ന ദൃശ്യം മാത്രമാണുള്ളത്. രാത്രിയോടെ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും നിരപരാധിയെന്ന് അറിഞ്ഞതോടെ വിട്ടയച്ചു.
ഒന്നര മാസം മുമ്പ് കടമ്പാറില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ഒരു വിദ്യാര്‍ത്ഥിനിയെ ഓമ്‌നി വാനില്‍ തട്ടിക്കൊണ്ടു വന്നപ്പോള്‍ ഹൊസങ്കടിയില്‍ വെച്ച് സംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി ഉണ്ടാക്കിയ കഥയാണിതെന്ന് മനസിലായത്. ചില സംഘങ്ങള്‍ പൊലീസിനെ കമ്പിളിപ്പിക്കാന്‍ മന:പൂര്‍വ്വം വ്യാജ പ്രചരണം നടത്തുന്നതായി വിവരമുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.