കല്യാണത്തിന് കാവല്‍ നില്‍ക്കാന്‍ നാല് പൊലീസുകാര്‍ക്ക് 5600 രൂപ വാടക; സേനയില്‍ അമര്‍ഷം പുകയുന്നു

0
243

കണ്ണൂര്‍: കണ്ണൂരില്‍ പ്രവാസി മലയാളിയുടെ മകളുടെ കല്യാണത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസുകാരെ അയച്ചതില്‍ പൊലീസ് സേനക്കുള്ളില്‍ അമര്‍ഷം. കല്യാണത്തിന് സുരക്ഷയൊരുക്കാന്‍ നാല് പൊലീസുകാരെ വാടകക്ക് നല്‍കിയ ജില്ലാ പൊലീസ് മേധാവിയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

സംഭവത്തില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.

ജൂലൈ 31ന് നടന്ന വിവാഹത്തിന് സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് ജില്ലാ പൊലീസ് മേധാവി നാല് പൊലീസുകാരെ അനുവദിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഒരാള്‍ക്ക് 1400 രൂപ എന്ന തോതില്‍ 5600 രൂപയാണ് ഈടാക്കിയത്. പണം ട്രഷറിയില്‍ അടക്കുകയും ചെയ്തു.

മകളുടെ കല്യാണത്തിനെത്തുന്ന വി.ഐ.പികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പാനൂര്‍ മൊകേരി സ്വദേശിയായ എളങ്ങോട് പാലക്കൂല്‍ കരഞ്ചിന്റെവിട അന്‍സാറാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയ്ക്ക് അപേക്ഷ നല്‍കിയത്. ഇതേത്തുടര്‍ന്നായിരുന്നു നാല് പൊലീസുകാരെ അനുവദിച്ചത്.

കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ട് പി.പി. സദാനന്ദനാണ് വാടകക്ക് പൊലീസുകാരെ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

എന്നാല്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്നുതന്നെ പ്രതിഷേധമുയര്‍ന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. പൊലീസിനെ പ്രദര്‍ശനവസ്തുവാക്കരുതെന്ന് പരാതി നല്‍കിക്കൊണ്ട് പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു പ്രതികരിച്ചു.

കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ സൗജന്യമായോ പണം ഈടാക്കിയോ പൊലീസ് സേനയെ ഉപയോഗിക്കാന്‍ പാടില്ല എന്ന് കേരള പൊലീസ് ആക്ട് സെക്ഷന്‍ 62(2)ല്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സുരക്ഷ ആവശ്യമായി വരുന്നപക്ഷം പണം നല്‍കി അതുപയോഗിക്കാനുള്ള സംവിധാനമാണ് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്.ഐ.എസ്.എഫ്).

LEAVE A REPLY

Please enter your comment!
Please enter your name here