തിരുവനന്തപുരം : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെ. മീ ഉയർത്തി. പെരിങ്ങൾക്കുത്തു ഡാമിന്റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ടാണ്. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്. മധ്യ-തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) ഉച്ചയ്ക്ക് ശേഷവും നാളെയും (ആഗസ്റ്റ് രണ്ട്) അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.