മംഗളൂരു: മുസ്‌ലിംകളായതിനാലാണ് അവർ ഞങ്ങളെ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി യുവ മോർച്ച നേതാവിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ യുവാവിന്‍റെ പിതാവ്.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയിൽ യുവ മോർച്ച ജില്ല സെക്രട്ടറി പ്രവീൺ നട്ടാറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ച രണ്ടുപേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള അതിർത്തിയായ ബെള്ളാരയിൽനിന്ന് മുഹമ്മദ് ഷഫീഖി (27) നെയും ഹവേരി ജില്ലയിൽനിന്ന് സക്കീറി (29) നെയുമാണ് പിടികൂടിയത്.
ഷഫീഖിന്‍റെ പിതാവ് ഇബ്രാഹിമാണ് പൊലീസിനെതിരെ രംഗത്തുവന്നത്. ‘ഞാൻ പ്രവീണിന്റെ കടയിലാണ് ജോലി ചെയ്യുന്നത്. എന്റെ മകനും പ്രവീണും നല്ല ബന്ധത്തിലായിരുന്നു. പ്രവീൺ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനാണ്. എന്തുകൊണ്ടാണ് എന്റെ മകനെ അറസ്റ്റ് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. മുസ്‌ലിംകളായത് കൊണ്ട് മാത്രമാണ് ഞങ്ങളെ ലക്ഷ്യമിടുന്നത്. ഷഫീഖും സക്കീറും അങ്ങനെയുള്ളവരല്ല’ -ഇബ്രാഹിം പറഞ്ഞു.
നേരത്തെ, സുള്ളിയിലെത്തിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മംഗളൂരു സിറ്റി പൊലീസ് കമീഷണറുടെയും ഉഡുപ്പി പൊലീസിന്‍റെയും നേതൃത്വത്തിൽ അന്വേഷണത്തിന് ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.