കൂടുതല്‍ തുകയ്ക്കുള്ള എടിഎം ഇടപാടുകള്‍ക്ക് ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ബാങ്കുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എസ്ബിഐ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയ്ക്കു മുകളില്‍ എടിഎം വഴി പിന്‍വലിക്കാന്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്.
രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്. ആദ്യം രാത്രിയില്‍ പണം പിന്‍വലിക്കുന്നതിനായിരുന്നു ഒടിപി നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ പതിനായിരം രൂപയ്ക്കു മുകളില്‍ ഏതു സമയത്തു പിന്‍വലിക്കാനും ഒടിപി വേണം.
എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുമ്പായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് നാലക്ക നമ്പര്‍ അയയ്ക്കും. ഈ ഒടിപി ഒരു എടിഎം ഇടപാടിന് ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഉപഭോക്താവ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക എത്രയെന്നു എടിഎം മെഷിനിലൂടെ രേഖപ്പെടുത്തിയാല്‍ ഉടന്‍ എടിഎം സ്‌ക്രീന്‍ ഒടിപി നല്‍കാനുള്ള സ്‌ക്രീന്‍ കാണിക്കും. തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കുക.
എസ്ബിഐ മാതൃകയില്‍ കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്കു മാറാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് മാറ്റം.
ഒടിപി വഴിയുള്ള എടിഎം ഇടപാട് ഇങ്ങനെ:
എടിഎമ്മില്‍ കയറുമ്പോള്‍ കൈയില്‍ ഡെബിറ്റ് കാര്‍ഡിനു പുറമേ മൊബൈല്‍ ഫോണും വേണം.
കാര്‍ഡ് ഇട്ട് പിന്‍ നമ്പര്‍ നല്‍കുക. തുക രേഖപ്പെടുത്തിയാല്‍ ഉടന്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണില്‍ ഒടിപി വരും.
ഒടിപി രേഖപ്പെടുത്താനുള്ള കോളം സ്‌ക്രീനില്‍ തെളിയും. ഒടിപി നല്‍കിയ ശേഷം ഇടപാടു തുടരാം