മംഗളൂരു: പരാതിക്കാർ ആരുമില്ലെങ്കിലും കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനുറച്ച് മംഗളൂരു പൊലീസ്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വഷണം തുടങ്ങിയത്. സ്വകാര്യ ഫ്ളാറ്റിൽ നടന്ന മത്സരം പകർത്തിയ ഒരു വിദ്യാർത്ഥിയാണ് വീഡിയോ വാട്സാപ്പിലൂടെ പുറത്തുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഈ വിദ്യാർത്ഥിയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ വീഡിയോയിലുള്ള വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.യൂണിഫോം ധരിച്ചിരുന്നതുമൂലമാണ് വിദ്യാർത്ഥികളെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞത്.
മംഗളൂരുവിലെ പ്രശസ്തമായ കോളേജിലെ കുട്ടികളാണ് ലിപ്‌ലോക്ക് മത്സരത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥി കൂട്ടായ്മയാണ് മത്സരം നടത്തിയത്.
യൂണിഫോം ധരിച്ചിരുന്ന വിദ്യാർത്ഥികൾ ചുംബിക്കുന്നത് സുഹൃത്തുക്കൾ പ്രോത്‌സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.ഒരു വിദ്യാർത്ഥിനി കൂട്ടുകാരന്റെ മടിയിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. അടുത്തതായി ആരാണ് ചുംബിക്കാൻ വരുന്നതെന്ന് വിദ്യാർത്ഥികളിലൊരാൾ ചോദിക്കുന്നതും വീഡിയോയും വ്യക്തമായി കേൾക്കാം.
ലിപ് ലോക്ക് ചലഞ്ചായിരുന്നു ഇതെന്നും വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നതിനെകുറിച്ച് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രവൃത്തികൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. കനത്ത മാനക്കേട് ഉണ്ടാക്കിയെങ്കിലും കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പരാതി നൽകിയിട്ടില്ല.