റിയാദ്: ദീര്‍ഘകാലമായി അമുസ്‌ലിങ്ങള്‍ക്ക് പ്രവേശനവിലക്കുള്ള, ഇസ്‌ലാം മതവിശ്വാസപ്രകാരം പുണ്യനഗരമായി കണക്കാക്കുന്ന മക്കയിലെ പ്രദേശത്തേക്ക് ഒളിച്ചുകടന്ന് ഇസ്രഈലി മാധ്യമപ്രവര്‍ത്തകന്‍. പിന്നാലെ മക്കയില്‍ നിന്നും ഷൂട്ട് ചെയ്ത സെല്‍ഫി വീഡിയോ ഫൂട്ടേജും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
ഇസ്രഈലിലെ ചാനല്‍ 13ലെ വേള്‍ഡ് ന്യൂസ് എഡിറ്ററായ ഗില്‍ തമാരി മക്ക നഗരത്തിലൂടെ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഇദ്ദേഹം മക്കയിലെ പല സ്ഥലങ്ങളും പ്രേക്ഷകര്‍ക്ക് വേണ്ടി ചൂണ്ടിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം.
מכה היא העיר הכי קדושה לאיסלאם ומוקפת בכניסתה במצלמות משוכללות כדי למנוע כניסה למי שאינו מוסלמי. גיל תמרי היה לכתב הישראלי הראשון שהצליח להיכנס ולצאת למסע בעיר. ומה קרה כשחשדו בו? הכתבה המלאה – הערב במהדורה המרכזית@tamarygil pic.twitter.com/BzYKXP06P0
— חדשות 13 (@newsisrael13) July 18, 2022
അമുസ്‌ലിങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന, മക്കയിലേക്കുള്ള പ്രവേശന കവാടമായ മക്ക ഗേറ്റും ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായി കണക്കാക്കപ്പെടുന്ന ഗ്രാന്‍ഡ് മോസ്‌കും കടന്നുകൊണ്ട് തമാരി വണ്ടിയോടിക്കുന്നുണ്ട്.
പ്രവാചകന്‍ മുഹമ്മദ് നബി അവസാന പ്രഭാഷണം നടത്തിയ, വര്‍ഷംതോറും ഹജ്ജ് തീര്‍ഥാടന സമയത്ത് മുസ്‌ലിങ്ങള്‍ ഒത്തുകൂടുന്ന മക്കയിലെ അറാഫത്ത് മലയില്‍ നിന്നും തമാരി സെല്‍ഫിയെടുത്തു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തമാരിക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നിരവധി മുസ്‌ലിം സോഷ്യല്‍ മീഡിയ യൂസേഴ്‌സ് Jew in the Haram എന്ന ഹാഷ്ടാഗോടെയാണ് സംഭവത്തില്‍ പ്രതിഷേധമറിയിച്ചത്.
ഇസ്രഈലി പൗരന്മാരുടെ ഭാഗത്ത് നിന്നും തമാരിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെ സംഭവത്തില്‍ ചാനല്‍ 13 മാപ്പ് പറഞ്ഞു. ”ആര്‍ക്കെങ്കിലും ഈ സംഭവം വേദനയുളവാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു,” എന്നായിരുന്നു പ്രസ്താവന. അതേസമയം, തിമാരിയുടേതായി പുറത്തുവിട്ട വീഡിയോയിലും റിപ്പോര്‍ട്ടിലും ചാനല്‍ ഉറച്ചുനിന്നു.
”ഞങ്ങളുടെ വേള്‍ഡ് ന്യൂസ് എഡിറ്റര്‍ ഗില്‍ തമാരിയുടെ മക്ക സന്ദര്‍ശനം പത്രപ്രവര്‍ത്തനത്തിലെ ഒരു സുപ്രധാന നേട്ടമാണ്. അത് മുസ്‌ലിങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല.
ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,” ചാനല്‍ പ്രസ്താവനയില്‍ പറഞ്ഞു.
പിന്നാലെ തമാരിയും സോഷ്യല്‍ മീഡിയയിലൂടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.
മക്കയുടെ സൗന്ദര്യത്തെയും പ്രാധാന്യത്തെയും പുറത്തെത്തിക്കുക എന്നതായിരുന്നു വീഡിയോയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തമാരി സന്ദര്‍ശിച്ച മക്കയിലെ ഈ പ്രദേശങ്ങളിലും വിശുദ്ധ നഗരമായ മദീനയുടെ ചില ഭാഗങ്ങളിലും അമുസ്ലിങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് സമ്പൂര്‍ണ വിലക്കുണ്ട്. വിലക്ക് ലംഘിച്ച് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ പിഴയോ നാടുകടത്തലോ ഉള്‍പ്പെടെയുള്ള ശിക്ഷകളും ലഭിക്കും.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച സൗദി സന്ദര്‍ശിച്ചപ്പോള്‍ അറബ് നേതാക്കള്‍ക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഈ ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ മൂന്ന് ഇസ്രഈലി റിപ്പോര്‍ട്ടര്‍മാര്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയിരുന്നു. അതിലൊരാളാണ് തമാരി.