പ്രതിപക്ഷത്തിന് പ്രവർത്തിക്കാനുള്ള ഇടം കുറയുന്നത് ദൗർഭാഗ്യകരം: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

0
266

ജയ്പൂർ: പ്രതിപക്ഷത്തിന് പ്രവർത്തിക്കാനുള്ള ഇടം കുറയുന്നത് ദൗർഭാഗ്യകരമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പരസ്പര ബഹുമാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ നിയമസഭയിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.

”രാഷ്ട്രീയ എതിർപ്പ് ശത്രുതയിലേക്ക് വഴിമാറരുത്. അതാണ് അടുത്തകാലത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതൊന്നും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ല”-ജസ്റ്റിസ് രമണ പറഞ്ഞു. നിയമനിർമാണ സഭകളുടെ പ്രവർത്തന നിലവാരം കുറഞ്ഞുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ ഉപയോഗിക്കുന്ന വാക്കുകൾക്കും പാർലമെന്റ് വളപ്പിലെ പ്രതിഷേധത്തിനും നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. അഴിമതിക്കാരൻ, ഏകാധിപതി, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി തുടങ്ങി 65 വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. അൺപാർലമെന്ററി വാക്കുകളെന്ന് പറഞ്ഞാണ് നിരോധിച്ചത്. നിരോധനം വകവെക്കില്ലെന്നും ഈ വാക്കുകൾ ഉപയോഗിക്കുമെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here