കെ കെ രമയെ വ്യക്തിഹത്യ നടത്താന്‍ അവകാശമില്ല; വിമര്‍ശിച്ച് എഐവൈഎഫ്

0
134

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്. എം എം മണിയുടെ വാക്കുകൾ ഇടത് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് എഐവൈഎഫ് വിമർശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. കെ.കെ രമയെ വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം. എം മണിക്കും അവകാശമില്ലെന്നും എഐവൈഎഫ് പ്രതികരിച്ചു. കെ കെ രമയെ വ്യക്തിപരമായി കൊല്ലാനാണ് കടന്നലുകളുടെ ആക്രമണത്തിനിരയാക്കിയത്.

അതേസമയം കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു എം എം മണി പറഞ്ഞു. മഹതി വളരെ നല്ല ഭാഷയാണ്. വിധവ എന്നത് പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനുള്ള ഉത്തരമാണ്. രമയുടെ പേരിലാണ് ഇപ്പോൾ യുഡിഎഫിന്‍റെ നീക്കം നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ കെ കെ രമ എന്നും അപമാനിച്ചിട്ടുണ്ട്. ഇന്നലെയും ആ ഭാഷയുടെ ഉപയോഗത്തിന് എതിരായിരുന്നു മറുപടി. നിങ്ങൾ നിയമസഭയിൽ വന്നാൽ, നിങ്ങൾ വിമർശനങ്ങൾ കേൾക്കേണ്ടിവരും. അദ്ദേഹം വിമർശനം തുടരും.എം എം മണി പ്രതികരിച്ചു. ജനതാദളിന് സീറ്റ് കൊടുത്തത് കൊണ്ട് മാത്രമാണ് വടകരയില്‍ കെ.കെ രമ വിജയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.