ഒന്നാം സമ്മാനം 25 കോടി: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍

0
137

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളോടെ തിരുവോണം ബമ്പർ ലോട്ടറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും ഗതാഗതമന്ത്രി ആന്‍റണി രാജുവും ചേർന്നാണ് ലോട്ടറി പ്രകാശനം ചെയ്തത്. ആകെ 10 സീരീസുകളിലായി പുറത്തിറങ്ങുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഇതാദ്യമായാണ് ഇത്രയും വലിയ തുക ലോട്ടറി കേരളത്തിൽ അവതരിപ്പിക്കുന്നത്.

രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായ ഒരു കോടി രൂപ വീതം 10 പേർക്ക് നൽകും. നാലാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനത്തിന് 5,000 രൂപയുമാണ്. അഞ്ചാം സമ്മാനം 72,000 പേർക്ക് നൽകും. ടിക്കറ്റ് നിരക്ക് 500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുക. കഴിഞ്ഞ തവണ 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളിൽ എല്ലാം വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ഒന്നാം സമ്മാനമായി നൽകിയ തുക വർദ്ധിച്ചതോടെ കൂടുതൽ പേർ ബമ്പർ വാങ്ങുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്‍റെ പ്രതീക്ഷ.