‘അഞ്ഞൂറ് രൂപ മുടക്കൂ, 25 കോടി നേടൂ’ ! ഓണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു

0
351

തിരുവനന്തപുരം: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി ബാലഗോപാൽ, മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. നടന്‍ സുധീര്‍ കരമനയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 25 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക.

ബമ്പറിന്റെ വിൽപ്പന ജൂലൈ 18നാണ് ആരംഭിക്കുകയെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബറില്‍ ആകും നറുക്കെടുപ്പ് നടക്കുക. സമ്മാനത്തുക വർദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്.  500 രൂപയായാണ് ടിക്കറ്റ് വില. നേരത്തെ 300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്.

ആകെ 126 കോടി രൂപയുടെ സമ്മാനം ഇത്തവണ ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്.

Finance Minister Balagopal released the Onam bumper 2022 ticket

90 ലക്ഷം ടിക്കറ്റുകൾ ഇത്തവണ അച്ചടിക്കും. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കൊവിഡ്കാല പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ മറികടന്ന് ഇത്തവണത്തെ ഓണം കുറച്ചുകൂടി കളറാകുമെന്നാണ് ലോട്ടറി പ്രേമികളുടെ പ്രതീക്ഷ. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള
ഭാഗ്യക്കുറി ഇനി കേരളത്തിന് സ്വന്തമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here