ബില്ലടച്ചിട്ടും കണക്ഷന്‍ പുനഃസ്ഥാപിച്ചില്ലേ? KSEBയിൽ നഷ്ടപരിഹാരം തേടാം

0
130

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ഗോമതിക്ക് വീടിനുള്ളിലെ ഇരുട്ടിൽ രണ്ട് ദിവസം ഒറ്റയ്ക്ക് കഴിയേണ്ടിവന്നു. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ ഫ്യൂസ് ഊരിയതാണ് ഇതിന് കാരണം. തൊഴിലുറപ്പ് ജോലികളിൽ നിന്ന് വരുമാനമില്ലാത്തതിനാലാണു 221 രൂപയുടെ ബിൽ തുക അടയ്ക്കാതിരുന്നത്.

ഫ്യൂസ് നീക്കം ചെയ്ത അതേ രാത്രി തന്നെ ഗോമതി തന്‍റെ വീടിനടുത്തുള്ള ഒരാൾ വഴി ഓണ്‍ലൈനായി പണം നൽകി. പിറ്റേന്ന് സെക്ഷൻ ഓഫീസിൽ വിളിച്ചിട്ടും ആരും വന്നില്ല. ഒടുവിൽ രണ്ട് ദിവസത്തിന് ശേഷം നാട്ടുകാർ ഫ്യൂസ് സ്ഥാപിച്ചു. ഗോമതി ബിൽ അടച്ചതായി അറിയില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. അടയ്ക്കാതിരുന്നത് കൃത്യമായി അറിയുകയും ഫ്യൂസ് ഊരുകയും ചെയ്തവര്‍ പണമടച്ചതും കൃത്യമായി അറിയേണ്ടതല്ലേ…! വാസ്തവത്തിൽ, ഗോമതിക്ക് കെ.എസ്.ഇ.ബിയിൽ നിന്ന് നഷ്ടപരിഹാരം തേടാം. അതിനായി ഒരു നിയമമുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിലെ കാലതാമസത്തിന് കെ.എസ്.ഇ.ബി പ്രതിദിനം 50 രൂപ നിങ്ങൾക്ക് നൽകേണ്ടിവരും.

വൈദ്യുതി നിരക്കുകളിലെ കുത്തനെയുള്ള വർദ്ധനവിൽ സ്തംഭിച്ചിരിക്കുന്ന ഉപഭോക്താക്കളെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. വൈദ്യുതി വിതരണ ഏജൻസിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനും നിങ്ങൾക്ക് അർഹതയുണ്ട്. സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ ഓരോ ഉപഭോക്താവിനും 25 മുതൽ 100 രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടാം. എന്നാൽ ഉത്തരവിറങ്ങി നൽകി ഏഴ് വർഷം കഴിഞ്ഞിട്ടും, നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്ന ഉപഭോക്താക്കളെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല. ഇതു സംബന്ധിച്ച് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തീരെ അറിവില്ലാത്തതാണ് കാരണം.