അഹമ്മദാബാദ്: മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍. ഗുജറാത്ത് പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ട്രാന്‍സ്ഫര്‍ വാറന്റിലൂടെയാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2002ലെ ഗുജറാത്ത് കലാപകേസില്‍ നിരപരാധികളെ പ്രതിയാക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പൊലിസിന്റെ ആരോപണം. പാലന്‍പൂര്‍ ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ അഹമദാബാദിലേക്ക് മാറ്റി.
കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സഞ്ജീവ് ഭട്ട്. നേരത്തെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ എന്നിവരും അറസ്റ്റിലായിരുന്നു. 2018 മുതല്‍ പാലന്‍പൂര്‍ ജയില്‍ സഞ്ജയ് ഭട്ട് തടവിലാണ്. 27 വര്‍ഷം മുമ്പുള്ള കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സഞ്ജീവ് ഭട്ട് തടവിലായത്.
ട്രാന്‍സ്ഫര്‍ വാറന്റില്‍ സഞ്ജീവ് ഭട്ടിനെ പാലന്‍പൂര്‍ ജയിലില്‍ നിന്നും അറസ്റ്റ് ചെയ്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ചൈത്യന മാണ്ഡിലിക് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അറസ്റ്റ് നടന്നതെന്നും പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഗുജറാത്ത് കലാപത്തില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.