എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്കെതിരായ കേസ്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

0
135

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരായ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പി.എം ആർഷോയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമർശം. അന്വേഷണം പൂർത്തിയാക്കാത്തതിന്‍റെ ആനുകൂല്യം പ്രതിക്ക് നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതികൾ ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അർഷോയുടെ ജാമ്യം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ എന്താണ് സംഭവിച്ചതെന്നും കോടതി ചോദിച്ചു. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം ആർഷോ ദുരുപയോഗം ചെയ്തുവെന്നും അതിനാൽ അന്വേഷണം പൂർത്തിയാകാത്തതിന്‍റെ ആനുകൂല്യം പ്രതികൾക്ക് നൽകാനാവില്ലെന്നും കോടതി പറഞ്ഞു.

ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് അർഷോയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അറസ്റ്റിലായ പ്രതിക്ക് ജാമ്യം നിഷേധിച്ചു. പിന്നീട് കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെയാണ് പ്രതികൾക്കെതിരെ കൂടുതൽ കേസുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പ്രതി ജാമ്യത്തിലിറങ്ങിയെന്നും കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.